CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 18 Minutes 29 Seconds Ago
Breaking Now

25 വര്‍ഷക്കാലം ജോലി ചെയ്ത ആശുപത്രിയില്‍ 63-കാരിക്ക് ദാരുണാന്ത്യം; നഴ്‌സും, ജൂനിയര്‍ ഡോക്ടറും സെപ്‌സിസ് ലക്ഷണങ്ങള്‍ പോലും പരിഗണിച്ചില്ല; ലൂഷാം ഹോസ്പിറ്റലില്‍ നേരിട്ടത് അബദ്ധങ്ങളുടെ നീണ്ടനിര; തിരക്ക് മൂലം പാരാസെറ്റാമോള്‍ കൊടുത്ത് വിട്ടയച്ചു

വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് ആശുപത്രി അഞ്ചക്ക സംഖ്യ നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറായിട്ടുണ്ട്

അമിതസമ്മര്‍ദത്തിലായ ആശുപത്രിയില്‍ സെപ്‌സിസ് ബാധിച്ച് 63-കാരിക്ക് ദാരുണാന്ത്യം. 25 വര്‍ഷക്കാലം ജോലി ചെയ്ത ആശുപത്രിയിലാണ് അബദ്ധങ്ങള്‍ മൂലം 63-കാരി ലോവെറ്റ ബെയ്‌ലി മരിച്ചത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലൂഷാം ഹോസ്പിറ്റലിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെസ്റ്റ് ഇന്‍ഫെക്ഷനുമായി എത്തിയതാണ് ബെയ്‌ലി. 

പനിയും, ചെവിയിലും, മുഖത്തും വേദനയുമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഒരു നഴ്‌സും, ജൂനിയര്‍ ഡോക്ടറും ഇവര്‍ക്ക് ഉയര്‍ന്ന ചൂടുള്ളതായി രേഖപ്പെടുത്തി. ഇതിന് പുറമെ വര്‍ദ്ധിച്ച നെഞ്ചിടിപ്പും, രക്തത്തില്‍ കുറഞ്ഞ ഓക്‌സിജന്‍ ലെവലും ഉണ്ടായെങ്കിലും ആശുപത്രിയുടെ സെപ്‌സിസ് നിബന്ധനകള്‍ക്ക് അനുസൃതമായി ലക്ഷണങ്ങള്‍ പരിശോധിക്കുന്നതില്‍ ഇവര്‍ക്ക് വീഴ്ച നേരിട്ടു. 

ഇതുമൂലം ഒരു സീനിയര്‍ നഴ്‌സിനെയോ, ഡോക്ടറെയോ ബെയ്‌ലിയുടെ അവസ്ഥ അറിയിച്ചില്ല. രക്തപരിശോധന നടത്തിയതിലും തെറ്റ് സംഭവിച്ചു. ഇതേ ആശുപത്രിയിലെ കാന്റീനില്‍ കാറ്ററിംഗ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ബെയ്‌ലിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് വിധിച്ചാണ് പാരാസെറ്റാമോള്‍ മാത്രം നല്‍കി വീട്ടിലേക്ക് അയച്ചത്. എന്നാല്‍ രാത്രിയോടെ സ്ഥിതി വഷളായ ബെയ്‌ലിയെ 18 മണിക്കൂറിന് ശേഷം ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. 

ആന്റിബയോട്ടിക് നല്‍കി സ്ഥിതി സ്വാഭാവികമാക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും 2013 ഒക്ടോബര്‍ 22ന് ബെയ്‌ലി മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബെയ്‌ലി ആദ്യം എത്തുമ്പോള്‍ എ&ഇ യൂണിറ്റ് കനത്ത തിരക്കിലായിരുന്നുവെന്ന് കണ്ടെത്തിയത്. ഒബ്‌സര്‍വേഷന്‍ വാര്‍ഡും രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു. ഇതിന് പുറമെ മൂന്ന് നഴ്‌സുമാരും, ഒരു ഡോക്ടറും അവധിയായിരുന്നു. 

ഇതേ ആശുപത്രിയില്‍ മറ്റൊരു സെപ്‌സിസ് മരണത്തെക്കുറിച്ച് വാര്‍ത്ത കേട്ടതോടെയാണ് ബെയ്‌ലിയുടെ കുടുംബം ലൂഷാം ആശുപത്രിക്ക് എതിരെ നിയമനടപടി സ്വീകരിച്ചത്. വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് ആശുപത്രി അഞ്ചക്ക സംഖ്യ നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ പേരിലല്ല, മറിച്ച് ആശുപത്രി ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന് കുടുംബം പ്രതികരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.