അകന്നുകഴിഞ്ഞ ഭാര്യയെ ബന്ദിയാക്കി കൊല്ലാന്‍ നോക്കിയതിന് പുറമെ രണ്ട് മക്കളെയും കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ലോട്ടറി ജേതാവായ ഭര്‍ത്താവ് ലൈംഗിക തൊഴിലാളികള്‍ക്കായും, കാറിനും വേണ്ടി പണം ചെലവാക്കുന്നുവെന്ന് ഭാര്യ കണ്ടെത്തിയതോടെ അതിക്രമം നടന്നതെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. ലെസ്റ്ററിലെ ഹിക്ക്‌നിയിലുള്ള സെമി ഡിറ്റാച്ച്ഡ് വീട്ടില്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് 43-കാരനായ ഡേവിഡ് സ്‌റ്റോക്‌സിനെ കണ്ടെത്തുന്നത്. 2016 നവംബര്‍ 2-ന് പുലര്‍ച്ചെയാണ് വീട്ടില്‍ കുടുംബാംഗങ്ങളെ ഇയാള്‍ ബന്ദിയാക്കിയത്.
11-കാരനായ ആഡം, 5 വയസ്സുള്ള മാത്യു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതാകുമെന്ന് ഫോറന്‍സിക് പതോളജിസ്റ്റ് കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. സ്‌റ്റോക്‌സിന്റെ ഭാര്യയും, കുട്ടികളുടെ അമ്മയുമായ സാലി സ്‌റ്റോക്‌സിനെയും ബന്ദിയാക്കിയിരുന്നു. എന്നാല്‍ ഗുരുതരമായ പരുക്കുകളോടെ വീട്ടില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടു.
പോലീസുമായി അഞ്ച് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് അക്രമം കലാശിച്ചത്. ലോബറോ കൊറോണര്‍ കോടതിയില്‍ നടന്ന ഇന്‍ക്വസ്റ്റിലാണ് സ്‌റ്റോക്‌സ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയ ശേഷം കത്തിക്കുത്ത് നടത്തിയെന്ന് സാലി വ്യക്തമാക്കിയത്. ഭര്‍ത്താവിനൊപ്പമുള്ള ജീവിതം ഗാര്‍ഹിക പീഡനം നിറഞ്ഞതായിരുന്നു. ഇതിന് പുറമെയാണ് സൈറ്റുകളില്‍ ലൈംഗിക തൊഴിലാളികളെയും, റേപ്പ് ഡ്രഗുകളും തിരഞ്ഞ് വന്നിരുന്നത്. ലോട്ടറി കിട്ടിയ 40,000 പൗണ്ടാണ് സ്‌റ്റോക്‌സ് ഈ വിധം പൊടിച്ചത്.
ലോട്ടറി ലഭിച്ച വിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭര്‍ത്താവ് സാലിയെ അറിയിച്ചിരുന്നില്ല. മകനെ സ്‌കൂള്‍ യാത്രക്ക് അയയ്ക്കാന്‍ പോലും പണമില്ലെന്ന നിലപാട് സ്വീകരിക്കുന്നതിന് ഇടെയാണ് സ്റ്റോക്‌സ് അനാവശ്യ ഇടപാടുകള്‍ നടത്തിപ്പോന്നത്. കൊലപാതകങ്ങള്‍ക്ക് മുന്‍പ് തന്റെ സ്വഭാവം മാറ്റാന്‍ ഇയാള്‍ ഒരുക്കത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.