Breaking Now

ബ്രിട്ടനിൽ മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് പിടിക്കപ്പെട്ട ഭീകരനെ നേരത്തെ തുറന്നുവിട്ടത് വിനയായി; ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; വഴിയാത്രക്കാരുടെ ധൈര്യം ഗുണമായി; ഒടുവില്‍ പോലീസിന്റെ വെടിയുണ്ടയില്‍ അവസാനം

ജയിലില്‍ നിന്നും ഇറങ്ങുന്ന കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാനുള്ള സെമിനാറില്‍ ഖാന്‍ പങ്കെടുത്ത് വരികയായിരുന്നു

ലണ്ടനില്‍ ഇന്നലെ ഉച്ചയോടെ നടന്ന ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് രണ്ട് നിരപരാധികളുടെ ജീവന്‍. കൈയില്‍ കത്തികളും, ആത്മഹത്യാ വെസ്റ്റും അണിഞ്ഞെത്തിയ ഭീകരനാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ആളുകള്‍ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. അഞ്ചോളം പേരെ കുത്തിവീഴ്ത്തിയ പ്രതിയെ സായുധ പോലീസ് വെടിവെച്ച് കൊന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ലണ്ടന്‍ ബ്രിഡ്ജിന്റെ നോര്‍ത്ത് പ്രദേശത്ത് അതിക്രമം അരങ്ങേറിയത്. ആറ് സാധാരണക്കാര്‍ ചേര്‍ന്നാണ് ഭീകരന്റെ കൂടുതല്‍ അതിക്രമങ്ങള്‍ തടഞ്ഞത്. 

28-കാരനായ ഉസ്മാന്‍ ഖാനാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദിയെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. ഇയാളുടെ സ്റ്റാഫോര്‍ഡ്ഷയര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റെയ്ഡ് നടത്തി. ഒരു സ്ത്രീയും, പുരുഷനുമാണ് അക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു സ്ഥിരീകരിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ഖാന്‍ മുന്‍പ് ഭീകരവാദത്തിന് ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012-ല്‍ എട്ട് വര്‍ഷത്തേക്ക് ജയില്‍ശിക്ഷ നേടിയ ഇയാളെ ലൈസന്‍സിലാണ് 2018 ഡിസംബറില്‍ പുറത്തുവിട്ടത്. മോണിട്ടറിംഗ് ടാഗ് അണിഞ്ഞ് നടക്കവെയാണ് പുതിയ ഭീകരാക്രമണം. 

ജയിലില്‍ നിന്നും ഇറങ്ങുന്ന കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാനുള്ള കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ ഖാന്‍ പങ്കെടുത്ത് വരികയായിരുന്നുവെന്നും കമ്മീഷണര്‍ ബസു വ്യക്തമാക്കി. അഞ്ച് മിനിറ്റ് നീണ്ട ഭീകരാക്രമണത്തില്‍ തന്റെ ആത്മഹത്യാ വെസ്റ്റ് പ്രവര്‍ത്തിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ഖാന്റെ ജീവന്‍ ലണ്ടന്‍ ബ്രിഡ്ജില്‍ അവസാനിച്ചു. 

2010 ഡിസംബര്‍ 20നാണ് ഇയാള്‍ അടങ്ങിയ ഒന്‍പതംഗ ഭീകരവാദി സംഘം അല്‍ഖ്വായ്ദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ടോയ്‌ലറ്റുകളില്‍ ബോംബ് ഘടിപ്പിക്കാന്‍ പദ്ധതി ഇട്ടത്. യുഎസ് എംബസി, ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്റെ വസതി, സെന്റ് പോള്‍സ് കത്തീഡ്രല്‍ ഡീന്‍, രണ്ട് റബ്ബിമാര്‍ എന്നിവരെയും സംഘം ലക്ഷ്യം വെച്ചു. ഇതിന് പുറമെ മറ്റ് പല ലക്ഷ്യങ്ങളും ഈ ഭീകര സംഘം ടാര്‍ജറ്റ് ചെയ്‌തെങ്കിലും ബ്രിട്ടീഷ് തെരുവുകളില്‍ മുംബൈ ഭീകരാക്രമണം നടത്തുമെന്ന ഇവരുടെ ചര്‍ച്ചകള്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതോടെ പദ്ധതി പൊളിഞ്ഞു. 

2008ല്‍ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് കടന്നുകയറിയ ഭീകരര്‍ ഗറില്ലാ സ്റ്റൈല്‍ ഭീകരാക്രമണം നടത്തി നിരപരാധികളെ നിഷ്‌കരുണം കൊലപ്പെടുത്തിയിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കവെയാണ് സംഘത്തെ പിടികൂടിയത്. 16 വര്‍ഷത്തെ ശിക്ഷയുടെ പാതി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഖാന്‍ 30 വര്‍ഷത്തേക്ക് തീവ്രവാദ വിരുദ്ധ നിബന്ധനകള്‍ പാലിക്കേണ്ടതായിരുന്നു. ഗുരുതര കുറ്റങ്ങള്‍, പ്രത്യേകിച്ച് ഭീകരരെ നേരത്തെ പുറത്തുവിടുന്ന ശീലം മാറ്റണമെന്ന തന്റെ വാദം സംഭവത്തിന് ശേഷം അടിയന്തരമായി വിളിച്ചുചേര്‍ത്ത കോംബ്ര യോഗത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ശനിയാഴ്ച പ്രധാനമന്ത്രി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.  
കൂടുതല്‍വാര്‍ത്തകള്‍.