അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി യുകെയുടെ അംബാസിഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. തെഹ്‌റാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് യുകെ അംബാസിഡര്‍ റോബ് മക്കാറിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇറാന്റെ നടപടിയില്‍ ഫോറിന്‍ ഓഫീസ് ശക്തമായ പ്രതിഷേധം അറിയിച്ചു. അയാത്തൊള്ളാ ഖമനേനിക്ക് എതിരെ ടെഹ്‌റാനിലെ അമിര്‍ കബീര്‍ യൂണിവേഴ്‌സിറ്റിയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളിലാണ് ഇറാനിലെ യുകെ അംബാസിഡര്‍ പങ്കെടുത്തത്.
'പ്രതിഷേധം സംഘടിപ്പിച്ചതിനും, പ്രകോപനം ഉണ്ടാക്കിയതിനും, അക്രമം നടത്താന്‍ ആഹ്വാനം ചെയ്തതിനും' ചേര്‍ത്താണ് കേസുണ്ടാക്കി യുകെ നയതന്ത്രജ്ഞനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാന്‍ ജനറല്‍ കാസെം സൊലേമാനിയെ വധിച്ചതിന് പകരം നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു യാത്രാവിമാനം ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടത്. 176 സാധാരണക്കാരിയുടെ മരണത്തില്‍ കലാശിച്ച കൈയബദ്ധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരമോന്നത നേതാവ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
30 വര്‍ഷത്തോളമായി നയതന്ത്രജ്ഞനായി പ്രവര്‍ത്തനപരിചയമുള്ള റോബ് മക്കാറിയെ ഒരു മണിക്കൂര്‍ തടങ്കലില്‍ വെച്ച ശേഷം വിട്ടയച്ചു. അറസ്റ്റിനെതിരെ ശക്തമായ വാക്കുകള്‍ ഉപയോഗിച്ചാണ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് പ്രതിഷേധം അറിയിച്ചത്. ഒന്നുകില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട രാജ്യമായി മാറാം അല്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം ലഘൂകരിക്കാം, ഇതില്‍ ഏതെങ്കിലും ഒന്നാണ് ഇറാന്‍ തെരഞ്ഞെടുക്കേണ്ടതെന്ന് ഡൊമിനിക് റാബ് വ്യക്തമാക്കി. 'കാരണങ്ങളില്ലാതെ ഞങ്ങളുടെ അംബാസിഡറെ തെഹ്‌റാനില്‍ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യ ലംഘനമാണ്. ഇറാന്‍ ഗവണ്‍മെന്റ് വഴിയില്‍ വിലങ്ങനെ നില്‍ക്കുകയാണ്' റാബ് ചൂണ്ടിക്കാണിച്ചു.
ഭ്രഷ് കല്‍പ്പിക്കപ്പെടുന്ന രാജ്യത്തിന്റെ പദവിയിലേക്കുള്ള യാത്ര ഇറാന് തുടരാം, അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാം, ഫോറിന്‍ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. 2018 ഏപ്രിലിലാണ് മക്കാറി ഇറാനിലെ യുകെ അംബാസിഡറായി സേവനം തുടങ്ങിയത്. ഇറാനിലെ പരമോന്നത നേതാവിന് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ ഭാഗങ്ങളില്‍ അലയടിക്കുന്നത്. 'ഇസ്ലാമിക് റിപബ്ലിക്കിന് മരണം', 'നുണയന്‍മാര്‍ക്ക് മരണം' എന്ന മുദ്രാവാക്യം വിളികളുാമയി ജനം രോഷം കൊണ്ടപ്പോള്‍ കലാപം നിയന്ത്രിക്കുന്ന പോലീസ് രംഗത്തിറങ്ങി പ്രതിഷേധക്കാരെ അടിച്ചമര്‍ത്തി.