'ഒരു സമയമുണ്ടായിരുന്നു, എന്തിനും ഏതിനും സഹോദരനെ ചേര്‍ത്തുപിടിച്ച്, എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കാന്‍ പരിശ്രമിച്ച സമയം, പക്ഷെ ഇനി അതുണ്ടാകില്ല', പറയുന്നത് കേംബ്രിഡ്ജ് ഡ്യൂക്ക് വില്ല്യം രാജകുമാരനാണ്. ഹാരി രാജകുമാരനുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം ഇപ്പോള്‍ പൂര്‍ണ്ണമായും നഷ്ടമായെന്നാണ് വില്ല്യം വ്യക്തമാക്കിയിരിക്കുന്നത്. കേംബ്രിഡ്ജ് ഡ്യൂക്കിന്റെ അടുപ്പക്കാരായ ശ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
അടുത്ത കാലത്തായി സഹോദരന്റെ തോളില്‍ കൈയിട്ട് നടക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് കേംബ്രിഡ്ജ് ഡ്യൂക്ക് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഇരുവരും തമ്മിലുള്ള അകല്‍ച്ച പരസ്യമായ രഹസ്യമാണ്. ഇതിനിടെ സീനിയര്‍ റോയല്‍സ് പദവി ഒഴിയാനുള്ള ഹാരിയുടെയും, മെഗാന്റെയും പൊടുന്നനെയുള്ള തീരുമാനം ഈ അകല്‍ച്ച ഇരട്ടിയാക്കി. രാജകുടുംബത്തെ അറിയിക്കാതെയുള്ള ഈ തീരുമാനത്തില്‍ വില്ല്യം രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ചയാണ് സാന്‍ഡിഗ്രാമില്‍ രാജ്ഞിയുമായി സഹോദരങ്ങളുടെ പ്രതിസന്ധി അകറ്റാനുള്ള സുപ്രധാന ചര്‍ച്ച നടക്കുന്നത്. രാജിപ്രഖ്യാപിച്ച ശേഷം ഹാരി ആദ്യമായി രാജ്ഞിയെയും മറ്റ് മുതിര്‍ന്ന കുടുംബാംഗങ്ങളെയും നേരില്‍ കാണുകയാണ്. 'ജീവിതകാലം മുഴുവന്‍ സഹോദരന്റെ തോളില്‍ കൈയിട്ടാണ് നടന്നത്, ഇനി അത് ചെയ്യാന്‍ കഴിയില്ല, ഞങ്ങള്‍ രണ്ട് വഴിക്കാണ്', വില്ല്യം ഒരു സുഹൃത്തിനോട് പറഞ്ഞു. രാജകീയ പദവികള്‍ ഉപേക്ഷിച്ച് സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഹാരി ഇനിയൊരിക്കലും തങ്ങളുടെ ടീമിന്റെ ഭാഗമല്ലെന്നതും അദ്ദേഹത്തെ രോഷാകുലനാക്കുന്നു.
എന്നാല്‍ വില്ല്യം ഇപ്പോഴും പ്രതീക്ഷ കാത്തുസൂക്ഷിക്കുകയാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സസെക്‌സ് ഡ്യൂക്കും ഡച്ചസും വീണ്ടും തങ്ങളുടെ പേജിലേക്ക് തിരിച്ചെത്തുമെന്നാണ് വില്ല്യമിന്റെ പ്രതീക്ഷ. പേരക്കുട്ടിയായ ഹാരിയുടെ മാനസിക ആരോഗ്യത്തില്‍ രാജ്ഞി ആശങ്ക പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുകെയില്‍ എത്തിയിട്ടും സമാധാനമായി ഇരിക്കാന്‍ കഴിയാത്ത ഭാര്യയുടെ അവസ്ഥ ദുസ്സഹമായതോടെയാണ് ഹാരി സ്വിച്ച് ഓഫ് ചെയ്തതെന്നാണ് വിവരം.