CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 43 Minutes 16 Seconds Ago
Breaking Now

യുകെ ഇത് എങ്ങോട്ടാണ്? കൊറോണാവൈറസ് മരണങ്ങള്‍ 177; ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ 4000; പിടിച്ചുനിര്‍ത്താന്‍ അധികൃതരുടെ നെട്ടോട്ടം; സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കാതെ രക്ഷയില്ല; സാമൂഹിക അകലം സുപ്രധാനം

180,000 പേര്‍ക്കെങ്കിലും നിലവില്‍ വൈറസ് ബാധിച്ചിരിക്കാമെന്നാണ് അധികൃതര്‍ ഭയക്കുന്നത്

ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കുമായി ബ്രിട്ടനിലെ കൊറോണാവൈറസ് പട്ടിക. 40 പേര്‍ കൂടി മരിച്ചതോടെ യുകെയില്‍ മാരകമായ ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരിച്ചവരുടെ എണ്ണം 177-ലേക്ക് ഉയര്‍ന്നു. ഇതിന് പുറമെ 714 പേര്‍ക്ക് കൂടി ഇന്‍ഫെക്ഷന്‍ പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4000-ന് അരികിലേക്ക് ഉയരുകയും ചെയ്തു. പബ്ബുകളും, ബാറുകളും, റെസ്റ്റൊറന്റുകളും ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടാന്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതും പകര്‍ച്ചവ്യാധിയെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. 

അര്‍ദ്ധരാത്രിയോടെ 39 രോഗികള്‍ മരിച്ചെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. ഇതില്‍ 18 മരണങ്ങള്‍ സംഭവിച്ചത് ലണ്ടനിലാണ്. ബ്രിട്ടനില്‍ പകര്‍ച്ചവ്യാധിയുടെ ആസ്ഥാനമായി ലണ്ടന്‍ മാറിക്കഴിഞ്ഞു. വെയില്‍സില്‍ മൂന്നാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു. സ്‌കോട്ട്‌ലണ്ടില്‍ ആറ് മരണങ്ങളും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരു മരണവുമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ ഇതുവരെ 3983 പേരാണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ എത്തുന്നവരെ മാത്രം പരിശോധിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ യാഥാര്‍ത്ഥ്യം ഇപ്പോഴും വെളിച്ചത്ത് വന്നിട്ടില്ല. 

180,000 പേര്‍ക്കെങ്കിലും നിലവില്‍ വൈറസ് ബാധിച്ചിരിക്കാമെന്നാണ് അധികൃതര്‍ ഭയക്കുന്നത്. ഓരോ മരണത്തിലും ആയിരം പേര്‍ക്ക് വീതം രോഗം ബാധിച്ചിരിക്കുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. അതേസമയം പൊതുജനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് പ്രധാനമന്ത്രി കാര്യാലയത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പകുതിയോളം ജനങ്ങളെങ്കിലും സെല്‍ഫ് ഐസൊലേഷനും, സാമൂഹിക അകലം പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബോറിസിന്റെ കൊറോണാവൈറസ് പദ്ധതി പരാജയപ്പെടുമെന്ന് മാത്രമല്ല, എന്‍എച്ച്എസിനെ തകര്‍ച്ചയുടെ വക്കിലെത്തിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. 

ഇതിനിടെ പരിഭ്രാന്തരായ ജനങ്ങള്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഏത് നിമിഷവും അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയാണ് ഇതിന് ഇടയാക്കുന്നത്. ഇതുമൂലം ഏറ്റവും ആവശ്യക്കാര്‍ പോലും ഭക്ഷണവും, അത്യാവശ്യ വസ്തുക്കളും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുന്നറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും അവഗണിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നത്. അനുസരണ കാണിക്കാത്തവര്‍ ചേര്‍ന്ന് രോഗം പടര്‍ത്തുമ്പോള്‍ തകരുന്നത് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള എന്‍എച്ച്എസിന്റെ കരുത്താണ്. 




കൂടുതല്‍വാര്‍ത്തകള്‍.