സാമൂഹിക അകലം പാലിക്കുകയാണ് കൊറോണാവൈറസ് പകര്‍ന്നുനല്‍കുന്നത് ഒഴിവാക്കാനുള്ള സുപ്രധാന മാര്‍ഗ്ഗമെന്ന് ആരോഗ്യ വിദഗ്ധരും, പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആളുകള്‍ക്ക് ഇതൊന്നും ബോധ്യപ്പെടുന്നില്ലെന്നതാണ് അവസ്ഥ. സ്വന്തം കാര്യവും, സൗകര്യവും നോക്കുന്നതിന് ഇടയില്‍ അകലം പാലിച്ച് നടക്കാനൊന്നും കഴിയില്ലെന്ന നിലപാടിന് അധികം ആയുസ്സ് കാണില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നല്‍കുന്ന സൂചന.
ആറടി അകലം പാലിക്കുകയെന്നത് വൈറസിനെ തടയാനുള്ള സുപ്രധാന പ്രതിരോധ മാര്‍ഗ്ഗമാണ്. ഇത് അനുസരിക്കാന്‍ 24 മണിക്കൂറാണ് ബോറിസ് ജോണ്‍സണ്‍ ജനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന് തയ്യാറാകാത്ത പക്ഷം എല്ലാ ജനങ്ങള്‍ക്കും വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നതിന് വിലക്ക് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ആളുകള്‍ തുടര്‍ന്നും വിഡ്ഢിത്തം കാണിച്ചാല്‍ പൊതുസ്ഥലങ്ങള്‍ അടച്ചിടുന്നതിന് പുറമെ വീടുകള്‍ക്ക് പുറത്തുള്ള ആളുകളുടെ സഞ്ചാരത്തിന് പരിധി ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ അടിയന്തര നടപടികള്‍ പ്രഖ്യാപിച്ചിട്ടുമില്ല.
18 വയസ്സ് മുതല്‍ 102 വയസ്സ് വരെയുള്ളവര്‍ യുകെ മരണസംഖ്യയില്‍ ഉള്‍പ്പെടുന്നു. 281 പേരാണ് ഇതിനകം മരിച്ചത്. അതേസമയം യുകെയിലെ ബീച്ചുകളിലും, പാര്‍ക്കുകളിലും മദേഴ്‌സ് ഡേയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം കറങ്ങാന്‍ ഇറങ്ങിയ ജനങ്ങളെ കണ്ട് അധികൃതര്‍ ഞെട്ടലിലാണ്. കൊറോണാവൈറസ് മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശമൊന്നും ഇവര്‍ കേട്ടമട്ട് പോലും കാണിച്ചിട്ടില്ല. പൊതുസ്ഥലത്ത് നടക്കുന്നതിന്റെ ശാരീരിക, മാനസിക ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കാന്‍ നാടകീയ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റില്‍ ബോറിസ് പ്രഖ്യാപിച്ചത്.
ഇറ്റലിയും, ഫ്രാന്‍സും പോലുള്ള യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ലോക്ക്ഡൗണ്‍ നിബന്ധനകള്‍ യുകെയില്‍ നടപ്പാക്കാനും മടിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'നമ്മള്‍ എങ്ങോട്ട് പോകുമെന്ന് അറിയാന്‍ ഭാവന ഒന്നും ഉപയോഗിക്കേണ്ട കാര്യമില്ല. അടുത്ത 24 മണിക്കൂറില്‍ തന്നെ ഇതേക്കുറിച്ച് ചിന്തിക്കാം. ജനങ്ങളുടെ സഞ്ചാരം പരിപൂര്‍ണ്ണമായി വിലക്കുന്ന, മറ്റ് രാജ്യങ്ങളില്‍ കണ്ട നിബന്ധനകള്‍ സ്വീകരിക്കേണ്ടി വരും', ബോറിസ് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിക്കാന്‍ ഇനിയും വൈകേണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്. സര്‍ക്കാരും, മെഡിക്കല്‍ വിദഗ്ധരും മുന്നറിയിപ്പും, നിര്‍ദ്ദേശങ്ങളും നല്‍കുന്നത് പരിഗണിക്കാതെ യുകെയിലെ ടൂറിസം മേഖലയില്‍ ആളുകള്‍ തടിച്ചുകൂടുന്ന കാഴ്ച പുറത്തുവന്നതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യം ശക്തമാകുന്നത്.