CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 17 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണാവൈറസ് ഇരയായി 5 വയസ്സുള്ള കുഞ്ഞ്; മരണമടഞ്ഞത് 708 പേര്‍ കൂടി; ഇന്‍ഫെക്ഷനുകള്‍ ബാധിച്ചവരുടെ എണ്ണം 41,903; വൈറസ് പിടികൂടുന്നവരുടെ എണ്ണം സ്ഥിരത കൈവരിക്കുന്നതായി വിദഗ്ധര്‍

രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബോറിസ് ജോണ്‍സണ്‍ എതിര്‍കക്ഷികളോട് ആഹ്വാനം ചെയ്തു

ബ്രിട്ടനില്‍ കൊറോണാവൈറസ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇരയായി അഞ്ച് വയസ്സുള്ള കുട്ടി. 708 പോസിറ്റീവ് രോഗികള്‍ കൂടി ഈ ദിനം മരണമടഞ്ഞു. റെക്കോര്‍ഡ് മരണസംഖ്യ കൈവരിച്ചതോടെ യുകെയില്‍ ആകെ മരണങ്ങള്‍ 4313 ആയി ഉയര്‍ന്നു. 3735 പേര്‍ക്ക് കൂടി ഇന്‍ഫെക്ഷന്‍ സ്ഥിരീകരിച്ചതോടെ പോസിറ്റീവ് രോഗികളുടെ എണ്ണം 41,903-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 24 മണിക്കൂര്‍ കൊണ്ടുള്ള ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണിത്. 

പുതിയ കേസുകളുടെ എണ്ണം കുറഞ്ഞതോടെ ഇന്‍ഫെക്ഷന്‍ സ്ഥിരത കൈവരിക്കുന്നതായാണ് കരുതുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് നം.10 വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ടൊന്നും ഇളവുകള്‍ അനുവദിക്കാന്‍ സമയമായിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. യുകെയിലെ പാര്‍ക്കുകളിലും, ബീച്ചുകളിലും വേനല്‍ ആസ്വദിക്കാന്‍ ഇറങ്ങുന്നത് ഒഴിവാക്കാനാണ് പോവിസിന്റെ മുന്നറിയിപ്പ്. 

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം പ്രതിഫലിച്ച് തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരാഴ്ച അല്ലെങ്കില്‍ രണ്ടാഴ്ച കൊണ്ടാണ് ഇത് കുറഞ്ഞ ഹോസ്പിറ്റലൈസേഷനിലേക്ക് മാറുക, പ്രൊഫസര്‍ പോവിസ് വ്യക്തമാക്കി. മിഡ്‌ലാന്‍ഡ്‌സിലാണ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതെന്ന് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കിള്‍ ഗോവ് സ്ഥിരീകരിച്ചു, 47%. യോര്‍ക്ക്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ 35 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്. ഇതിനിടെ ചൈനയില്‍ നിന്നും 300 വെന്റിലേറ്ററുകളുടെ ഡെലിവെറി ബ്രിട്ടന്‍ സ്വീകരിച്ചു. കൂടുതല്‍ വെന്റിലേറ്ററുകള്‍ എയ്‌റോസ്‌പേസ്, എഞ്ചിനീയറിംഗ്, എഫ്1 ടീമുകള്‍ തയ്യാറാക്കുന്നുണ്ട്. 

ലണ്ടനില്‍ കൊറോണാ ബാധിതരുടെ എണ്ണം ഉയര്‍ന്നതിനാല്‍ ആശുപത്രിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബോറിസ് ജോണ്‍സണ്‍ എതിര്‍കക്ഷികളോട് ആഹ്വാനം ചെയ്തു. പൊതുജനങ്ങളോട് പരമാവധി വീടുകളില്‍ തുടരാനുള്ള അഭ്യര്‍ത്ഥന ശ്രദ്ധിക്കാതെ നിരവധി പേര്‍ പാര്‍ക്കുകളിലും മറ്റും ചൂട് ആസ്വദിക്കാന്‍ കുടുംബസമേതം രംഗത്തിറങ്ങുന്നതാണ് ഇതിനിടയില്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.