
















മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബ്രിട്ടനിലെ ഹെല്‍ത്ത് സര്‍വ്വീസിനെയും സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കടക്കുന്നതായി മുന്നറിയിപ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ എന്‍എച്ച്എസിലെ അവശ്യ മരുന്നുകളുടെ ശേഖരം തീരുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി വ്യക്തമാക്കുന്നത്.
സിറിഞ്ചും, ഗ്ലൗസും ഉള്‍പ്പെടെയ പ്രധാന സപ്ലൈയില്‍ താനും, മറ്റ് ആരോഗ്യ മേധാവികളും കടുത്ത ആശങ്കയിലാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഹെഡ് ജിം മാക്കി പറഞ്ഞു. ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ഡെലിവെറികളെ നേരിട്ട് ബാധിക്കുന്നുണ്ട്. ഇതുമൂലം അവശ്യ സാധനങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ വഴി വഴിതിരിച്ച് വിടുന്നത് സ്‌റ്റോക്കിനെ ബാധിക്കുന്നു.
നിലവിലെ മരുന്ന് ക്ഷാമം രൂക്ഷമാക്കുന്നതാണ് സ്ഥിതിഗതികളെന്ന് ഈ മാസം ആദ്യത്തെ ഫാര്‍മസി മേധാവികളും, ഉത്പാദകരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആസ്പിറിന്‍, കോഡിന്‍ പോലുള്ള പെയിന്‍കില്ലറുകളും, ആന്റിഡിപ്രസന്റും, എച്ച്ആര്‍ടിയും ലഭിക്കാന്‍ യുകെ ഫാര്‍മസികള്‍ ഈ വര്‍ഷം കഷ്ടപ്പെടുന്നതിനിടെയാണ് ഈ സ്ഥിതി.
സ്ഥിതി പ്രശ്‌നമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ഇപ്പോള്‍ വ്യക്തമാക്കുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അപകടം കാത്തിരിക്കുന്നുണ്ടെന്നും ജിം പറയുന്നു. ഏതാനും ആഴ്ചയിലേക്കുള്ള മരുന്നുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ചില ഉത്പന്നങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരുന്നതാണെന്നും അദ്ദേഹം സമ്മതിക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ തടസ്സം എണ്ണ, ഗ്യാസ് വിതരണത്തിന് പുറമെ മറ്റ് ചരക്ക് നീക്കങ്ങളും തടസ്സപ്പെടുന്നുണ്ട്. 1000-ലേറെ കപ്പലുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.