CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 59 Seconds Ago
Breaking Now

ബിന്‍ ബാഗ് ധരിക്കാന്‍ നിര്‍ബന്ധിതമായ ആ 3 എന്‍എച്ച്എസ് നഴ്‌സുമാര്‍ കൊറോണാവൈറസ് പോസിറ്റീവ്; നഴ്‌സുമാര്‍ക്ക് ശരിയായ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളില്ലാതെ വന്നാല്‍ ഇതാണ് ഗതി; എല്ലാം ശരിയാക്കാമെന്ന് സര്‍ക്കാര്‍; എന്ന് ശരിയാകുമെന്ന് നഴ്‌സിംഗ് യൂണിയന്‍?

നഴ്‌സുമാര്‍ ഉപകരണങ്ങള്‍ ഷെയര്‍ ചെയ്യാനും, കിറ്റുകള്‍ പുനരുപയോഗിക്കാനും നിര്‍ബന്ധിതമാകുകയാണ്- ആര്‍സിഎന്‍

കൊറോണാവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന നഴ്‌സുമാര്‍ക്ക് കൃത്യമായ പ്രൊട്ടക്ടീവ് വസ്ത്രങ്ങള്‍ ലഭ്യമാകുന്നില്ലെന്നത് വ്യാപക പരാതിക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം അവസ്ഥ നേരിട്ടതോടെ ബിന്‍ ബാഗുകള്‍ ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ മൂന്ന് നഴ്‌സുമാരുടെ ചിത്രം ബ്രിട്ടനില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ മൂന്ന് നഴ്‌സുമാരും കൊറോണാവൈറസില്‍ പോസിറ്റീവായി കണ്ടെത്തിയെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ ഞെട്ടല്‍ ഉളവാക്കുന്നത്. 

ഹാരോവിലെ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരാണ് ക്ലിനിക്കല്‍ വേസ്റ്റ് ബാഗ് തലയിലും, ദേഹത്തും ധരിച്ച് ജോലി ചെയ്തത്. പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യൂപ്‌മെന്റ് (പിപിഇ) ലഭ്യമാകാതെ വന്നപ്പോഴാണ് ഈ എന്‍എച്ച്എസ് നഴ്‌സുമാര്‍ ഈ വഴി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്. ഈ ചിത്രത്തില്‍ കണ്ട മൂന്ന് നഴ്‌സുമാര്‍ക്കും ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചതായാണ് ആശുപത്രിയിലെ ഉന്നത ശ്രോതസ്സുകള്‍ ഡെയ്‌ലി ടെലിഗ്രാഫിനോട് വെളിപ്പെടുത്തിയത്. 

കൊറോണാവൈറസ് രോഗികളുടെ എണ്ണമേറിയതോടെ പ്രശ്‌നം ഗുരുതരമാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റലാണ്. ഒരു വാര്‍ഡിലെ പകുതിയിലേറെ ജീവനക്കാരാണ് ഇവിടെ വൈറസ് ബാധിതരായത്. ശരിയായ പിപിഇ നല്‍കുന്നതില്‍ ആശുപത്രി മേധാവികള്‍ പരാജയപ്പെട്ടതാണ് ജീവനക്കാരെ അപകടത്തിലേക്ക് തള്ളിവിടാന്‍ കാരണമായതെന്ന് ആരോപണം ഉയരുകയും ചെയ്തു. കൊവിഡ്-19 പോസിറ്റീവ് മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ക്ക് രോഗബാധ പിടിപെട്ടതായി ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് വക്താവ് സ്ഥിരീകരിച്ചു. 

ഇത് അപ്രതീക്ഷിതമാണെന്നും, ദൗര്‍ഭാഗ്യകരവുമാണെന്നുമാണ് വക്താവ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ആശുപത്രിയിലെ സ്ഥിതി നേരെ മറിച്ചാണെന്ന് ഒരു നഴ്‌സ് കഴിഞ്ഞ മാസം തന്നെ വെളിപ്പെടുത്തിയിരുന്നു. ആവശ്യത്തിന് പിപിഇ ലഭ്യമല്ലാത്തതിനാല്‍ ബിന്‍ ബാഗുകളാണ് തങ്ങള്‍ ഉപയോഗിക്കുന്നത്. വൈറസ് എപ്പോള്‍ വേണമെങ്കിലും പിടിപെടാം, നഴ്‌സുമാരും ഡോക്ടര്‍മാരും മരിക്കാം. രോഗികളില്‍ നിന്നും വൈറസ് പിടിപെട്ട സഹജീവനക്കാരെയാണ് ഇപ്പോള്‍ ചികിത്സിക്കേണ്ടി വരുന്നത്, നഴ്‌സ് വ്യക്തമാക്കി. 

പിപിഇ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വലിയ വെല്ലുവിളി നേരിടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. നഴ്‌സുമാരുടെ സുരക്ഷയാണ് അപകടത്തിലാക്കുന്നത്, യൂണിയന്‍ ആരോപിച്ചു. പല തവണ ഉറപ്പുകള്‍ ലഭിച്ചെങ്കിലും പിപിഎ പോരാട്ടമുഖത്ത് എത്തുന്നില്ല. നഴ്‌സുമാര്‍ ഉപകരണങ്ങള്‍ ഷെയര്‍ ചെയ്യാനും, കിറ്റുകള്‍ പുനരുപയോഗിക്കാനും നിര്‍ബന്ധിതമാകുകയാണ്, ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനെയര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.