Breaking Now

വസ്ത്രം ഉരിഞ്ഞ് ജനം ബീച്ചില്‍; അബദ്ധം കാണിക്കരുതെന്ന് കാലുപിടിച്ച് സര്‍ക്കാര്‍ ഉപദേശകന്‍; ലോക്ക്ഡൗണ്‍ ഇളവെന്ന് കേട്ട് ജനം തിക്കിത്തിരക്കിയാല്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കൂടുമെന്ന് മുന്നറിയിപ്പ്; 215 പേര്‍ കൂടി മരിച്ചു; ഇരകളുടെ എണ്ണം 38,376

സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെ വേഗത അല്‍പ്പം കൂടുതലാണെന്ന സംശയം സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ തന്നെ പങ്കുവെയ്ക്കുന്നു

തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കപ്പെടുന്നതോടെ ആളുകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ ഉപദേശകര്‍. എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് പുറത്തിറങ്ങരുതെന്നാണ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജനങ്ങളോട് അപേക്ഷിച്ചിരിക്കുന്നത്. പുതുതായി ലഭിക്കുന്ന സ്വാതന്ത്ര്യം ചൂഷണം ചെയ്താല്‍ ഇന്‍ഫെക്ഷന്‍ പടരാന്‍ വഴിയൊരുക്കുമെന്ന് പ്രൊഫസര്‍ ജോന്നാഥന്‍ വാന്‍-ടാം മുന്നറിയിപ്പ് നല്‍കി. വിലക്കുകള്‍ മാറ്റുമ്പോള്‍ വളരെ സാവധാനം വേണം ഇത് ഉപയോഗിക്കാനെന്നും മുതിര്‍ന്ന ശാസ്ത്രീയ ഉപദേശകന്‍ വ്യക്തമാക്കി. 

പ്രതിസന്ധിയുടെ ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വാന്‍-ടാം കൂട്ടിച്ചേര്‍ത്തു. വെയില്‍ ആസ്വദിക്കാന്‍ ജനം ബീച്ചുകളില്‍ തിക്കിത്തിരക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ കാലത്ത് നിലനിന്ന നിബന്ധനകളില്‍ ഇളവ് വന്നതോടെ കൂടുതല്‍ ആളുകള്‍ പുറത്ത് സോഷ്യലൈസ് ചെയ്യാന്‍ ശ്രമിക്കുന്നതായി ഔദ്യോഗിക മൊബിലിറ്റി ഡാറ്റ വിലയിരുത്തുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ ശാസ്ത്രജ്ഞരും, സര്‍ക്കാരും ഈ ഇളവുകളുടെ പ്രതിഫലനം പരിശോധിക്കും. ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ നിബന്ധനകള്‍ പാലിക്കണം, നിര്‍ദ്ദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകരുത്, പ്രൊഫ. വാന്‍-ടാം കൂട്ടിച്ചേര്‍ത്തു. 

യുകെയില്‍ കൊവിഡ്-19 ബാധിച്ച് 215 പേര്‍ കൂടി മരിച്ചതായി കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 38,376 ആയി ഉയര്‍ന്നു. 2445 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ പോസിറ്റീവ് രോഗികളുടെ എണ്ണം 272,826 എത്തി. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള ശനിയാഴ്ചകളിലെ ഏറ്റവും ചുരുങ്ങിയ മരണസംഖ്യയാണ് ഇത്. അതേസമയം വ്യാപകമായ ടെസ്റ്റിംഗ് നടത്താത്തത് കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേര്‍ രോഗവുമായി മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും മറുവശത്ത് ശക്തമാകുകയാണ്. 

സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെ വേഗത അല്‍പ്പം കൂടുതലാണെന്ന സംശയം സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ തന്നെ പങ്കുവെയ്ക്കുന്നു. ഇന്‍ഫെക്ഷന്‍ പകരുന്ന നിരക്ക് 1-ല്‍ താഴെയായി നിലനിര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. എന്നാല്‍ ഇന്‍ഫെക്ഷന്‍ നിരക്ക് പിടിച്ചുനിര്‍ത്തുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് സാധാരണ ജീവിതം മടക്കിയെത്തിക്കാനുള്ള ശ്രമവും മുന്നോട്ട് നീക്കാനുള്ള ശ്രമത്തിലാണ് മന്ത്രിമാര്‍. പുതിയ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പ്രകാരം സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനും, സണ്‍ബാത്ത് ചെയ്യാനും അവസരമുണ്ട്. മറ്റൊരു കുടുംബത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ രണ്ട് മീറ്റര്‍ അകലം പാലിച്ച് കാണാമെന്നും നിബന്ധന പറയുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ ജനം നിബന്ധന മറക്കുമെന്നാണ് ആശങ്ക. 
കൂടുതല്‍വാര്‍ത്തകള്‍.