CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 24 Seconds Ago
Breaking Now

ന്യൂനപക്ഷ വംശജരായ എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ പീരങ്കി ഉണ്ട ഏറ്റുവാങ്ങുന്ന ഭടന്‍മാരോ? കൊറോണാവൈറസ് പ്രതിസന്ധിയില്‍ ബെയിം ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് ഈ വിധമെന്ന് മന്ത്രിമാരുടെ മുഖത്ത് നോക്കി പറഞ്ഞ് ലേബര്‍ വനിതാ എംപി

രാജ്യത്തിന് ആവശ്യമുള്ള സമയത്ത് പരിചരണം വാഗ്ദാനം ചെയ്തവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന ആവശ്യത്തിന് 290,000 പേരുടെ ഒപ്പ് ലഭിച്ചിട്ടുണ്ട്

കൊവിഡ്-19 മഹാമാരിയില്‍ എന്‍എച്ച്എസിലെയും, കെയറിലെയും ന്യൂനപക്ഷ വംശജര്‍ നേരിട്ടത് പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള പെരുമാറ്റമാണെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. പീരങ്കിയുടെ ഉണ്ട ഏറ്റുവാങ്ങുന്ന ഭടന്‍മാരെ പോലെയാണ് ബെയിം വിഭാഗക്കാരായ എന്‍എച്ച്എസ്, കെയര്‍ ജീവനക്കാരെ പരിഗണിച്ചതെന്നാണ് മന്ത്രിമാര്‍ക്ക് മുന്നില്‍ ലേബര്‍ എംപി റുഷാനാര അലി ആഞ്ഞടിച്ചത്. കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരുമായ ജോലിക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. 

ഫ്രണ്ട്‌ലൈനില്‍ നിന്ന് പടപൊരുതിയ ഹെല്‍ത്ത്, കെയര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ സമ്മാനം നല്‍കണമെന്ന പൊതുജനത്തിന്റെ ആവശ്യത്തില്‍ കോമണ്‍സില്‍ എംപിമാര്‍ ചര്‍ച്ച നടത്തുമ്പോഴാണ് ലേബര്‍ എംപി വിവേചനങ്ങള്‍ ചൂണ്ടിക്കാണിച്ചത്. 'ബെയിം എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കെയര്‍ വര്‍ക്കര്‍മാര്‍ക്കും അധികമായി ജീവന്‍ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും അവരെ സംരക്ഷിക്കാന്‍ ആവശ്യമായതൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല', അലി വ്യക്തമാക്കി. 

യഥാര്‍ത്ഥത്തില്‍ പീരങ്കിയുണ്ട ഏല്‍ക്കാനുള്ള ഭടന്‍മാരെ പോലെയാണ് സര്‍ക്കാര്‍ ഈ വിഭാഗങ്ങളെ പരിഗണിച്ചത്. കൃത്യമായ നിര്‍ദ്ദേശം പോലുമില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൂടുതല്‍ ജീവനുകള്‍ നഷ്ടമാകുന്നതിന് മുന്‍പെങ്കിലും ഈ അവസ്ഥയില്‍ നിയന്ത്രണം തിരിച്ചുപിടിക്കണം, റുഷാനാര അലി ആവശ്യപ്പെട്ടു. ഇവരെ സംരക്ഷിക്കണമെന്നാണ് മന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ അവരെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന കഥകള്‍ പറഞ്ഞിരിക്കാതെ നടപടിയെടുക്കണം. കെയര്‍ ജീവനക്കാരെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ കെയര്‍ മിനിസ്റ്റര്‍ ഹെലെന്‍ വാറ്റ്‌ലി മാപ്പ് പറയണമെന്നും അലി ആവശ്യപ്പെട്ടു. 

പ്രതിസന്ധി കാലത്ത് സേവനത്തിന് ഇറങ്ങിയ സ്റ്റുഡന്റ് നഴ്‌സുമാര്‍ നല്‍കുന്നത് സേവനമല്ലെന്നാണ് വാറ്റ്‌ലി പ്രഖ്യാപിച്ചത്. '2025 ആകുമ്പോള്‍ ഒരു മില്ല്യണ്‍ അധിക കെയര്‍ ജീവനക്കാരെ വേണ്ടിവരുമെന്നാണ് യൂണിഷന്‍ പ്രവചനം. ഇതിനായി എന്‍എച്ച്എസില്‍ ആളുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണം. ജൂനിയര്‍ ഡോക്ടേഴ്‌സിനും ഈ അംഗീകാരം ഉറപ്പാക്കണം. അടുത്ത വര്‍ഷങ്ങളിലായി സര്‍ക്കാരിന്റെ നിലപാട് ഇതിന് വിരുദ്ധമായിട്ട് കൂടി ഡോക്ടര്‍മാരും, നഴ്‌സുമാരും, കെയറര്‍മാരും ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിലുണ്ട്', അലി വ്യക്തമാക്കി. 

രാജ്യത്തിന് ആവശ്യമുള്ള സമയത്ത് പരിചരണം വാഗ്ദാനം ചെയ്തവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന ആവശ്യത്തിന് 290,000 പേരുടെ ഒപ്പ് ലഭിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവും, വിദ്യാര്‍ത്ഥികളുടെ കടം എഴുത്തിത്തള്ളണമെന്നുമാണ് പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍വുമണ്‍ & ലേബര്‍ എംപി കാതറീന്‍ മക്കിന്നെല്‍ ആവശ്യപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.