CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 22 Seconds Ago
Breaking Now

തുടര്‍ച്ചയായ മൂന്നാം ദിനവും കൊവിഡ് മരണമില്ലാതെ സ്‌കോട്ട്‌ലണ്ട്; സെപ്റ്റംബറില്‍ മേഖല 'കൊവിഡ് മുക്തമാകും'; പ്രവചനവുമായി വിദഗ്ധര്‍; യുകെ ഞായറാഴ്ച സ്ഥിരീകരിച്ചത് 36 കൊറോണാവൈറസ് മരണങ്ങള്‍; മരണസംഖ്യ 43,550

ഇംഗ്ലണ്ടിലും, വെയില്‍സിലും കേസുകള്‍ വര്‍ദ്ധിക്കുന്നത് സ്‌കോട്ട്‌ലണ്ടിന്റെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാണ്

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ 36 കൊറോണ ഇരകളുടെ കൂടി മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 43,550 എത്തി. സ്‌കോട്ട്‌ലണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്നുപോയി. ഈ മാസം എട്ടാം തവണയാണ് ഈ ആശ്വാസം സ്‌കോട്ട്‌ലണ്ടിന് ലഭിച്ചത്. പുതിയ കേസുകള്‍ താഴുന്നതിനാല്‍ സമ്മര്‍ അവസാനത്തോടെ സ്‌കോട്ട്‌ലണ്ട് കൊവിഡ് മുക്തമാകുമെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി വിദഗ്ധ പ്രൊഫസര്‍ ദേവി ശ്രീധര്‍ പ്രവചിക്കുന്നു. 

എന്നാല്‍ ഇംഗ്ലണ്ടിന്റെ സ്ഥിതി ഈ വിധം ആശ്വാസകരമല്ലെന്ന് സേജ് ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച കണക്കുകള്‍ പലപ്പോഴും താഴ്ച രേഖപ്പെടുത്തുന്നത് പതിവാണ്. 901 പേര്‍ക്കാണ് പുതുതായി പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 310,250 എത്തി. ആഗോള തലത്തില്‍ രോഗികളുടെ എണ്ണം 10 മില്ല്യണ്‍ കടന്ന ഘട്ടത്തിലാണ്, ഒപ്പം മരണസംഖ്യ 5 ലക്ഷത്തിന് അരികിലെത്തി. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരമാണ്. 

എന്നാല്‍ യുകെയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് വേഗത കുറവുമാണ്. ജൂണില്‍ ഇംഗ്ലീഷ് ഹോസ്പിറ്റലുകളില്‍ 1544 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കണക്ക്. സ്‌കോട്ട്‌ലണ്ടില്‍ ഇത് 120 മാത്രമാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈറസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള വഴിയിലാണ് സ്‌കോട്ട്‌ലണ്ട് എന്നാണ് പബ്ലിക് ഹെല്‍ത്ത് വിദഗ്ധ പ്രൊഫ. ദേവി ശ്രീധര്‍ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം കേവലം 8 പേര്‍ക്കാണ് സ്‌കോട്ട്‌ലണ്ടില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ നിലയില്‍ മുന്നോട്ട് നീങ്ങിയാല്‍ സെപ്റ്റംബറിനകം രാജ്യത്ത് വൈറസ് പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് പ്രവചനം. 

അതേസമയം ഇംഗ്ലണ്ടിലും, വെയില്‍സിലും കേസുകള്‍ വര്‍ദ്ധിക്കുന്നത് സ്‌കോട്ട്‌ലണ്ടിന്റെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാണ്. പ്രത്യേകിച്ച് ഇവിടേക്ക് യാത്ര ചെയ്ത് മടങ്ങിയെത്തുന്നവര്‍ വൈറസുമായി എത്താനുള്ള സാധ്യതയുണ്ട്. ലോക്ക്ഡൗണ്‍ തുടരാനുള്ള സ്‌കോട്ടിഷ് സര്‍ക്കാരിന്റെ തീരുമാനത്തെ ഉപദേശകയായ പ്രൊഫസര്‍ ശ്രീധര്‍ പിന്തുണച്ചിരുന്നു. 'സീറോ കേസുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ അതിന് അടുത്തേക്ക് എത്താന്‍ ശ്രമിക്കണം, കൂടാതെ പ്രാദേശികമായ കേസുകളും കൈകാര്യം ചെയ്യണം', പ്രൊഫ. ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.