രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുന്‍പത്തേക്കാള്‍ മോശമായി നില്‍ക്കുമ്പോഴും അതില്‍ തനിക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്ന നിലപാട് തുടര്‍ന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വരുന്ന ബജറ്റില്‍ ധനികരെ ലക്ഷ്യം വെയ്ക്കുമെന്ന് ചാന്‍സലര്‍ വെളിപ്പെടുത്തി. അടുത്ത മാസത്തെ ബജറ്റില്‍ ധനികരെ ലക്ഷ്യമിട്ടുള്ള നികുതി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ സമ്മതിച്ചു.
എന്നാല്‍ ധനികരായ ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്നതിലേക്ക് ഇത് നയിക്കുമെന്ന വാദങ്ങളെ റീവ്‌സ് തള്ളി. കഴിഞ്ഞ വര്‍ഷം നോണ്‍-ഡോമിസൈല്‍, പ്രൈവറ്റ് ഇക്വിറ്റി, പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് എന്നിവ പ്രഖ്യാപിച്ചപ്പോഴും ഇതുപോലുള്ള ഭയപ്പെടുത്തലുകള്‍ ഉണ്ടായി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. കാരണം ഈ നാട്ടില്‍ താമസിക്കാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ട്, വാഷിംഗ്ടണ്‍ ഡിസിയില്‍ ഐഎംഎഫ് സമ്മേളനത്തിന് എത്തിയ റീവ്‌സ് വ്യക്തമാക്കി.
ഒറ്റയടിക്ക് ധനിക നികുതി ഏര്‍പ്പെടുത്തുന്നതിന് പകരം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് നിരക്ക് കൂട്ടിയും, വാടക വരുമാനം നേടുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും നാഷണല്‍ ഇന്‍ഷുറന്‍സ് വാങ്ങിയും, വില കൂടിയ പ്രോപ്പര്‍ട്ടികള്‍ക്ക് ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് സൃഷ്ടിച്ചും ഇവരെ പിഴിയാമെന്നാണ് കണക്കുകൂട്ടല്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക ദുഃസ്ഥിതിക്ക് കാരണം ബ്രക്‌സിറ്റും, ടോറികളും, ഫരാഗുമാണെന്നാണ് റീവ്‌സിന്റെ കുറ്റപ്പെടുത്തല്‍. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ചത് കൊണ്ടുള്ള കേടുപാട് പരിഹരിക്കാന്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്നാണ് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ സ്വന്തം കണക്ക് തെറ്റുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് റീവ്‌സ് ചെയ്യുന്നതെന്ന് ടോറികള്‍ തിരിച്ചടിച്ചു. കഴിഞ്ഞ ബജറ്റിലെ റീവ്‌സിന്റെ പല പദ്ധതികളും തിരിച്ചടിച്ചെന്ന് പകല്‍ പോലെ വ്യക്തമാണ്.