Breaking Now

ഇന്ത്യക്കാരുടെ തലയില്‍ കുറ്റം ചാര്‍ത്തി ലെസ്റ്ററിന് കൈകഴുകാന്‍ സാധിക്കുമോ? ലോക്ക്ഡൗണ്‍ നീട്ടിയ നഗരത്തില്‍ സര്‍വ്വത്ര കണ്‍ഫ്യൂഷന്‍; ഒരു മതിലിന് അപ്പുറവും, ഇപ്പുറവും രണ്ട് നിയമം! ചട്ടം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ്

ലെസ്റ്ററില്‍ നിന്ന് പുറത്തുപോകുന്ന വാഹനങ്ങള്‍ സ്‌പോട്ട് ചെക്കിംഗിന് വിധേയമാക്കുമെന്ന് പോലീസ്

ലെസ്റ്റര്‍ നഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് കാരണം പ്രദേശത്തെ ചില ഇന്ത്യന്‍ വംശജരുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഇല്ലാത്തതാണെന്ന ആരോപണം ശക്തമാണ്. ഇളവുകള്‍ ആസ്വദിക്കാന്‍ ഒത്തുകൂടിയ പല ചെറുപ്പക്കാരെയും ഗുജറാത്തി പോലുള്ള ഭാഷകളിലൂടെ പ്രശ്‌നം പറഞ്ഞുമനസ്സിലാക്കി തിരികെ അയയ്‌ക്കേണ്ട അവസ്ഥ നേരിട്ടതായി പ്രാദേശിക കണ്‍സിലര്‍മാര്‍ സമ്മതിക്കുന്നു. ചില 'വിഡ്ഢികളാണ്' ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് പ്രദേശവാസികളും വിമര്‍ശിക്കുന്നു. എന്നാല്‍ ഇതുകൊണ്ടെല്ലാം ഇന്ത്യന്‍ വംശജര്‍ കാരണമാണ് ലെസ്റ്ററില്‍ ലോക്ക്ഡൗണ്‍ തിരികെ എത്തിയതെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് മറുപക്ഷം തിരിച്ചടിക്കുന്നു. 

മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ് ഫാക്ടറികള്‍ ഒരുപരിധി വരെ കൊറോണ കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയെന്നാണ് അധികൃതര്‍ കരുതുന്നത്. ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പോലും ഭാഗികമായാണ് ഈ ഫാക്ടറികള്‍ അടച്ചിട്ടത്. ജീവനക്കാര്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ അവസരം നല്‍കാതെ സുരക്ഷിതമായ പിപിഇ പോലും നിഷേധിച്ച് പണിയെടുപ്പിച്ചിരുന്നു. രണ്ടാം ലോക്ക്ഡൗണും അനുസരിക്കില്ലെന്ന് ഈ ചെറുകിട ഫാക്ടറികള്‍ വാശിപിടിക്കുമ്പോള്‍ വൈറസ് പടരുന്നതിന്റെ കുറ്റം ഇന്ത്യന്‍ വംശജരുടെ മാത്രം തലയില്‍ ഇടാനുള്ള ചിലരുടെ പരിശ്രമങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. 

അതേസമയം ലെസ്റ്ററിലെ ലോക്ക്ഡൗണ്‍ സര്‍വ്വത്ര കണ്‍ഫ്യൂഷനാണ് സമ്മാനിക്കുന്നത്. ഒരു മതിലിന് അപ്പുറത്ത് താമസിക്കുന്നവര്‍ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ ഇപ്പുറത്തുള്ളവര്‍ ലോക്കല്‍ ലോക്ക്ഡൗണില്‍ പെട്ട് വീടിനുള്ളില്‍ കുടുങ്ങുന്ന സ്ഥിതിയുണ്ട്. ഷോപ്പുകള്‍ അടച്ചതിന് പുറമെ വ്യാഴാഴ്ച സ്‌കൂളുകളും അടയ്ക്കും. ഏതെല്ലാം പ്രദേശങ്ങളാണ് ലോക്ക്ഡൗണിന് കീഴില്‍ വരികയെന്ന് വ്യക്തമാക്കാന്‍ ലെസ്റ്റര്‍ സിറ്റി കൗണ്‍സിലും, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും മാപ്പ് പുറത്തിറക്കി. നോര്‍ത്ത് മേഖലയില്‍ ബര്‍സ്റ്റാള്‍ വരെയും, സൗത്ത് മേഖലയില്‍ വിഗ്‌സ്റ്റണുമാണ് അതിര്‍ത്തികള്‍. 

ലെസ്റ്ററില്‍ നിന്ന് പുറത്തുപോകുന്ന വാഹനങ്ങള്‍ സ്‌പോട്ട് ചെക്കിംഗിന് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കാന്‍ എത്തുന്ന മിനിബസുകളും, കോച്ചുകളും തടയും. പൊതുസ്ഥലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കുമെന്നാണ് പോലീസ് അറിയിപ്പ്. കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടനിലെ കൊറോണ കേസുകളില്‍ 10% നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചത്. ഒരു ലക്ഷം പേരില്‍ 135 പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ പിടിപെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.
കൂടുതല്‍വാര്‍ത്തകള്‍.