CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 57 Seconds Ago
Breaking Now

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍; ബ്രിട്ടനില്‍ ഇന്ത്യക്കാരുടെ നിശബ്ദത പാരയാകുന്നോ? അധ്വാനിച്ച് വിജയിച്ച് വെള്ളക്കാരേക്കാള്‍ മുന്നേറുന്ന ഇന്ത്യക്കാര്‍ തങ്ങള്‍ ചരിത്രപരമായ നേരിട്ട അടിച്ചമര്‍ത്തലും, വംശീയ അധിക്ഷേപവും കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ട്?

ബ്രിട്ടീഷ് സിസ്റ്റത്തില്‍ അധ്യാനം കൊണ്ട് മുന്നേറുന്ന ഇന്ത്യക്കാര്‍ക്ക് ഈ പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടുണ്ടെന്നാണ് ആരോപണം

ഭിന്നിപ്പിച്ച് ഭരിക്കുകയെന്നത് ബ്രിട്ടീഷുകാര്‍ സാമ്രാജ്യത്വ കാലത്ത് പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്. സാമ്രാജ്യ ഭരണവും, അടിമത്തവും അവസാനിച്ചെങ്കിലും തൊലിയുടെ നിറത്തിന്റെ പേരില്‍ ലോകത്ത് നിലനില്‍ക്കുന്ന വേര്‍തിരിവുകള്‍ സജീവ ചര്‍ച്ചയാണ്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ ബ്രിട്ടനിലും കൊടുംപിരി കൊള്ളുമ്പോള്‍ യുകെയിലെ ഇന്ത്യന്‍ വംശജര്‍ നിശബ്ദത പാലിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. 

വംശീയ അനുഭവങ്ങള്‍ നേരിട്ട താന്‍ ആരുടെയും ക്ലാസെടുക്കല്‍ അംഗീകരിക്കില്ലെന്നാണ് യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. വംശീയതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ അവരും വംശീയതയെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്ന മുദ്രാവാക്യത്തോട് ചേര്‍ത്ത് ഈ പ്രസ്താവനയെ കൂട്ടിവായിക്കണം. സൗത്ത് ഏഷ്യന്‍ വംശജരോട് ഈ പ്രതിഷേധങ്ങളുടെ ഭാഗമാകാന്‍ ആഹ്വാനം ഉയരുമ്പോള്‍ ഇന്ത്യന്‍ വംശജരുടെ നിശബ്ദതയാണ് പ്രധാനമായി ചോദ്യം ചെയ്യപ്പെടുന്നത്. 

യുകെയിലെ ഇന്ത്യന്‍ വംശജരെ കണ്ടുപഠിക്കണമെന്നാണ് പൊതുവെ കുടിയേറ്റ സമൂഹങ്ങളെ ഓര്‍മ്മിപ്പിക്കാറുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ബ്രിട്ടീഷ് ഇന്ത്യന്‍ ഗ്രാജുവേറ്റുകള്‍ മറ്റ് ന്യൂനപക്ഷ വംശജരേക്കാളും, ചില ഘട്ടങ്ങളില്‍ വെള്ളക്കാരേക്കാളും വേതനം നേടുന്നതായാണ് സര്‍ക്കാര്‍ കണക്ക് കാണിക്കുന്നത്. പ്രൈമറി, ഹൈസ്‌കൂളുകളില്‍ വെള്ളക്കാരായ ഭൂരിപക്ഷത്തേക്കാള്‍ മികച്ച ഫലം നേടുന്നുണ്ട്. ബ്രിട്ടീഷ് ചൈനീസ് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ത്യക്കാരുടെ മുന്നിലുള്ളത്. 

അതേസമയം കറുത്ത വംശജര്‍ ഗ്രാജുവേഷന്‍ നേടിയാലും വരുമാനത്തില്‍ പിന്നിലാകും, ഒപ്പം പ്രൈമറി, ഹൈസ്‌കൂളില്‍ കുറഞ്ഞ ഗ്രേഡും നേടും. വെള്ളക്കാരേക്കാള്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മൂന്നിരട്ടിയാണ്. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് സിസ്റ്റത്തില്‍ അധ്യാനം കൊണ്ട് മുന്നേറുന്ന ഇന്ത്യക്കാര്‍ക്ക് ഈ പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടുണ്ടെന്നാണ് ആരോപണം. യുകെ ചരിത്രത്തിലെ വൈവിധ്യമാര്‍ന്ന ക്യാബിനറ്റാണ് നിലവിലെ ബോറിസ് ജോണ്‍സന്റേതെന്നാണ് വാദം. എന്നാല്‍ സത്യത്തില്‍ ഇത് ഇന്ത്യന്‍ ക്യാബിനറ്റ് ആണെന്നതാണ് വസ്തുത, മൂന്ന് മന്ത്രിമാരും ഇന്ത്യക്കാര്‍ തന്നെ. 

യുകെയില്‍ ഇന്ത്യന്‍ സമൂഹം സാമ്പത്തികമായും, വിദ്യാഭ്യാസത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ പാകിസ്ഥാനികളുടെയും, ബംഗ്ലാദേശികളുടെയും സ്ഥിതി ഈ വിധം സുഖകരമല്ല. കൂടാതെ ഇസ്ലാമോഫോബിയയുടെ പ്രത്യാഘാതങ്ങളും ഇവര്‍ നേരിടുന്നു. മഹാത്മാ ഗാന്ധിയുടെ കറുത്ത വര്‍ഗ്ഗക്കാരോടുള്ള വംശീയത ചില ഇന്ത്യന്‍ സമൂഹങ്ങള്‍ സമ്മതിക്കുന്നുണ്ട്. ലണ്ടനില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 34-കാരി ജസ്‌കരണ്‍ സഹോത ഇതില്‍ ഒരാളാണ്. 'പിഒസി നിശബ്ദത അക്രമമാണ്' എന്നാണ് ഇവരുടെ കൈയിലുള്ള പോസ്റ്റര്‍, പിഒസി എന്നാല്‍ പീപ്പിള്‍ ഓഫ് കളര്‍. 

ഇന്ത്യക്കാര്‍ സ്വന്തം അധ്വാനത്തിലൂടെയാണ് വിജയിക്കുന്നതെന്ന് ജസ്‌കരണ്‍ സമ്മതിക്കുന്നു. എന്നാല്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ സമാനമായി അധ്വാനിക്കുമ്പോഴും സ്ഥാപിതമായ തടസ്സങ്ങള്‍ നേരിടുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ന്യൂനപക്ഷങ്ങളെ കൂടി ഉയര്‍ന്നുവരാനുള്ള സഹായങ്ങള്‍ ഇന്ത്യക്കാര്‍ സ്വീകരിക്കുന്നില്ല. പ്രീതി പട്ടേല്‍ ബെയിം വിഭാഗങ്ങള്‍ക്കുള്ള അനുകൂല്യം കൈപ്പറ്റി. പക്ഷെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല, ജസ്‌കരണ്‍ സഹോത വ്യക്തമാക്കി. 

ഇന്ത്യയില്‍ ജാതീയ ചിന്തകള്‍ക്കൊപ്പമാണ് കറുത്ത തൊലിയോടുള്ള വെറുപ്പും വ്യാപിച്ച് നില്‍ക്കുന്നത്. യുകെയില്‍ ഇന്ത്യന്‍ സമൂഹം ഇതേ മനസ്ഥിതിയുമായി മുന്നോട്ട് പോകുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. തങ്ങളുടെ മുന്‍ തലമുറയില്‍ പെട്ടവരെ തിരുത്താനുള്ള ശ്രമങ്ങള്‍ കൂടിയാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങുന്ന ഇന്ത്യക്കാരുടെ ലക്ഷ്യം.




കൂടുതല്‍വാര്‍ത്തകള്‍.