CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 46 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ നിര്‍ണ്ണായക നീക്കം; മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍ ; ഉന്നത ബന്ധം സംശയകരം

മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഉന്നതനെ പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന ഒരാളെ മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ ഇത് വരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഈ കസ്റ്റഡി വിലയിരുത്തപ്പെടുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഉന്നതനെ പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണക്കടത്തും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും സരിത്തും ഇതിന് മുന്‍പും സ്വര്‍ണം കടത്തിയെന്ന് സൂചനയുണ്ട്. ഈ സ്വര്‍ണം എന്തുചെയ്തു, വേറെ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷിക്കുന്നത്.

ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വര്‍ണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. മലപ്പുറത്തെ ഉന്നതന്റെ പേരോ മറ്റ് വിവരങ്ങളോ ഈ ഘട്ടത്തില്‍ പുറത്ത് പറയാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

ഇന്നലെ ബംഗളൂരു കോറമംഗലയില്‍ ഉള്ള ഹോട്ടലില്‍ നിന്നാണ് എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത്. റോഡ് മാര്‍ഗം കാറോടിച്ചാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. പാസ്‌പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു. സ്വപ്നയെയും സന്ദീപിനെയും ഇന്ന് കൊച്ചിയിലേക്കാണ് കൊണ്ടുവരും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.