
















ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചെന്നൈയിലെ വ്യവസായിയെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ വ്യവസായിയെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമാണ് എസ്ഐടി നീക്കം നടത്തുന്നത് എന്നാണ് വിവരം. ചെന്നൈയിലെ ജ്വല്ലറി ജീവനക്കാരനായ കല്‍പേഷിനെ ഇന്ന് കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. വ്യവസായിയെക്കുറിച്ചുള്ള വിവരശേഖരണം അന്വേഷണസംഘം പൂര്‍ത്തിയാക്കി.
അതേസമയം ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പ്രായശ്ചിത്തമായി നല്‍കിയ പത്ത് പവന്റെ മാല കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ശബരിമലയിലെ സ്വര്‍ണം വാങ്ങിയ ശേഷം അതിന്റെ പ്രായശ്ചിത്തമായി ഒരു മണിമാല ഇയാള്‍ മാളികപ്പുറത്ത് സമര്‍പ്പിച്ചിരുന്നുവെന്നാണ് പുറത്തുവന്ന സൂചനകള്‍. ഈ മാല കണ്ടെത്താനും ഈ വിവരങ്ങളെല്ലാം സ്ഥിരീകരിക്കാനുമാണ് എസ്ഐടി നീക്കം.
അറസ്റ്റിലായ പങ്കജ് ഭണ്ടാരിക്കും ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊളള നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ എത്തുന്നത് 2009ലാണെന്ന് അവര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചിരുന്നു. ശബരിമലയിലെ ഉപക്ഷേത്രങ്ങളില്‍ സ്വര്‍ണം പൂശിയതായും അവകാശ വാദം ഉന്നയിച്ചതോടെയാണ് ആ വഴിക്ക് അന്വേഷണം.അതേ സമയം പാളികളില്‍ നിന്നും ഉരുക്കിയ സ്വര്‍ണ്ണം എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. പങ്കജ് ഭണ്ടാരി, ഗോവര്‍ദ്ധന്‍ എന്നിവരില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണം ശബരിമലയിലേതു തന്നെയെന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഉന്നതരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്.