എന്‍എച്ച്എസ് സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് കൊവിഡ് ടെസ്റ്റിംഗ് പ്രതിസന്ധി വിലങ്ങുതടിയാകുന്നുവെന്ന് ആശുപത്രി നേതാക്കളുടെ മുന്നറിയിപ്പ്. ഐസൊലേഷന്‍ നേരിടുന്ന ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും ഫ്രണ്ട്‌ലൈന്‍ സേവനങ്ങളില്‍ നിന്ന് പിന്‍മാറേണ്ട അവസ്ഥയാണുള്ളത്. ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടെസ്റ്റ് ലഭ്യമാകാതെ വരുന്നതോടെയാണ് ഈ അവസ്ഥ. ഈ കുറവ് പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ബോള്‍ട്ടണ്‍, സാല്‍ഫോര്‍ഡ്, ബ്രാഡ്‌ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ തുടങ്ങി രാജ്യത്തെ പത്ത് കൊറോണാവൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നില്‍ പോലും ടെസ്റ്റ് ബുക്കിംഗ് ലഭ്യമല്ലെന്ന് എല്‍ബിസി റേഡിയോ സ്‌റ്റേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അധ്യാപകര്‍ക്ക് എളുപ്പത്തില്‍ ടെസ്റ്റിംഗ് നല്‍കിയില്ലെങ്കില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ഹെഡ് ടീച്ചേഴ്‌സും വ്യക്തമാക്കി.
ആവശ്യക്കാരുടെ എണ്ണമേറുന്നത് മൂലം ലാബുകള്‍ക്ക് അതിവേഗ സേവനം നല്‍കാന്‍ കഴിയാത്തതാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം. ഇതോടെ സമീപത്തൊന്നും ടെസ്റ്റ് ലഭ്യമല്ലാതാവുകയും, ഇംഗ്ലണ്ടില്‍ 500 മൈലെങ്കിലും സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവുകയുമാണ് ആളുകള്‍. ടെസ്റ്റ് ഫലം ലഭിക്കാനുള്ളവരുടെ എണ്ണം പെരുകുന്നത് തലവേദനയാകുകയാണെന്ന് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ ചൂണ്ടിക്കാണിച്ചു.
ഇംഗ്ലണ്ടില്‍ ബാക്ക്‌ലോഗ് വരുന്നതിന്റെ പ്രത്യാഘാതം ഗ്ലാസ്‌ഗോവിലെ ലാബുകളില്‍ നേരിടേണ്ടി വരുന്നതായാണ് സ്റ്റര്‍ജന്‍ ഭയപ്പെടുന്നത്. ഇക്കാര്യം യുകെ ഗവണ്‍മെന്റിനെ അറിയിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം അവകാശവാദങ്ങള്‍ തെറ്റാണെന്നും ഫസ്റ്റ് മിനിസ്റ്റര്‍ മഹാമാരിക്ക് ഇടയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് മുതിര്‍ന്ന സര്‍ക്കാര്‍ ശ്രോതസ്സുകളുടെ നിലപാട്.