മാഞ്ചസ്റ്ററും, ലങ്കാഷയറും കര്‍ശനമായ ടിയര്‍ 3 ലോക്ക്ഡൗണിലേക്ക് നീക്കാന്‍ ആലോചിച്ച് സര്‍ക്കാര്‍. ടാസ്‌ക്‌ഫോഴ്‌സ് ശാസ്ത്രജ്ഞര്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഒപ്പുവെച്ചതോടെയാണ് സര്‍ക്കാര്‍ ഇതിന് വഴങ്ങുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ ഈ മേഖലകള്‍ സര്‍ക്കാരിന്റെ 3 ടിയര്‍ ലോക്ക്ഡൗണ്‍ സിസ്റ്റം അനുസരിച്ച് കര്‍ശനമായ വിലക്കുകളിലേക്ക് വീഴും. ഇതുവരെ ലിവര്‍പൂളില്‍ മാത്രമാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ഈ വിഷയത്തില്‍ കോമണ്‍സില്‍ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കാതെ ഉയര്‍ന്ന ലെവല്‍ ലോക്കല്‍ വിലക്കുകള്‍ പ്രഖ്യാപിക്കുന്നതിനെതിരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ലോക്കല്‍ കൗണ്‍സില്‍ നേതാക്കള്‍ എന്നിവര്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. സമ്മര്‍ദം ചെലുത്തി ലോക്കല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് മേയറുടെ നിലപാട്. ബിസിനസ്സുകള്‍ സാമ്പത്തിക പിന്തുണ നല്‍കാതെ, ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ നോര്‍ത്ത് മേഖലയിലെ ഭൂരിഭാഗവും ശൈത്യകാലത്ത് ടിയര്‍ 3യില്‍ കുടുങ്ങുമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആശങ്ക.
മാഞ്ചസ്റ്ററിലെ കൊവിഡ്-19 ഇന്‍ഫെക്ഷന്‍ നിരക്ക് കുറയുന്നതിന് ഇടയിലാണ് നടപടികള്‍. ലങ്കാഷയറില്‍ ഒരൊറ്റ ദിവസം 835 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 87 കേസും ബ്ലാക്ക്പൂളിലാണ്. ഇവിടെ എന്‍എച്ച്എസ് ആശുപത്രികളിലെ ഇന്റന്‍സീവ് കെയര്‍ വാര്‍ഡുകള്‍ അതിവേഗം നിറയുന്നതിനാല്‍ കൊവിഡ് ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ജീവനക്കാര്‍ അനിശ്ചിത കാലത്തേക്ക് വീണ്ടും ഡ്യൂട്ടി ചെയ്യേണ്ട ഗതികേടിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലങ്കാഷയര്‍ മേഖല ടിയര്‍ 3 ലോക്ക്ഡൗണിലേക്ക് പോകാതിരിക്കുന്നത് അസാധ്യമായി കഴിഞ്ഞെന്ന് കൗണ്ടി കൗണ്‍സില്‍ നേതാവ് ജിയോഫ് ഡ്രൈവര്‍ പ്രതികരിച്ചു.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വെള്ളിയാഴ്ച മുതല്‍ പബ്ബും, അടുത്ത ആഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളും അടച്ചിട്ട് സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലണ്ടനിലും സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. 12 ലണ്ടന്‍ ബറോകളില്‍ 1 ലക്ഷം പേരില്‍ 100 പേര്‍ക്ക് ഇന്‍ഫെക്ഷനുള്ളതിനാല്‍ തലസ്ഥാന നഗരത്തില്‍ ടിയര്‍ 2 റെസ്ട്രിക്ഷന്‍ അകലെയല്ലെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.