CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 21 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയല്‍സില്‍ വോളണ്ടിയറായ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു; 28-കാരനായ ഡോക്ടര്‍ക്ക് പരീക്ഷണ വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്; മരണം കാര്യമാക്കാതെ പരീക്ഷണം മുന്നോട്ട്!

രോഗം പിടിപെടുന്നതിന് മുന്‍പ് ഡോക്ടര്‍ ആരോഗ്യവാനായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കി

ആസ്ട്രാസെനെക, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കൊവിഡ്-19 വാക്‌സിന്‍ ട്രയല്‍സില്‍ വോളണ്ടിയറായ ഡോക്ടര്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വൈറസ് ബാധിച്ച് മരിച്ച 28-കാരനായ ബ്രസീലിയന്‍ ഡോക്ടര്‍ വാക്‌സിന്‍ കുത്തിവെച്ച പരീക്ഷണ ഗ്രൂപ്പില്‍ അംഗമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15-നാണ് കൊവിഡ്-19 പ്രശ്‌നങ്ങള്‍ മൂലം 28-കാരന്‍ ഡോ. ജാവോ പെഡ്രോ ആര്‍ ഫെറ്റോസ മരണമടഞ്ഞത്. 

മരിച്ച ഡോക്ടര്‍ക്ക് പരീക്ഷണ വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്ന് ബ്രസീലിയന്‍ പത്രമായ ഗ്ലോബോയും, ന്യൂസ് ഏജന്‍സി ബ്ലൂംബെര്‍ഗും വ്യക്തമാക്കി. കണ്‍ട്രോള്‍ ഗ്രൂപ്പിലായതിനാല്‍ പ്ലാസിബോയാണ് ഇദ്ദേഹത്തിന് നല്‍കിയിരുന്നത്. മാര്‍ച്ച് മുതല്‍ റിയോ ഡി ജനീറോയിലെ രണ്ട് ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും കൊവിഡ്-19 രോഗികള്‍ക്ക് ഡോ. ഫെറ്റോസ ചികിത്സ നല്‍കിവരികയും ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷമാണ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ സ്‌കൂളില്‍ നിന്നും ഇദ്ദേഹം പുറത്തിറങ്ങിയത്. രോഗം പിടിപെടുന്നതിന് മുന്‍പ് ഡോക്ടര്‍ ആരോഗ്യവാനായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കി. വോളണ്ടിയര്‍ മരിച്ചെങ്കിലും വാക്‌സിനുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് സ്വതന്ത്ര റിവ്യൂ സ്ഥിരീകരിച്ചതോടെ ട്രയല്‍സ് മുന്നോട്ട് പോകുകയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. 

ബ്രസീലിലെ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ക്ലിനിക്കല്‍ ട്രയല്‍സില്‍ സുരക്ഷാ പ്രശ്‌നം ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ട്രയല്‍സ് തുടരാന്‍ ബ്രസീലിയന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. സാവോ പോളോ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയാണ് ബ്രസീലില്‍ ഫേസ് 3 ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ലോകത്തില്‍ വ്യാപകമായി ലഭ്യമാകുന്ന ആദ്യ വാക്‌സിന്‍ ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിന്‍ ആകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.