CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 33 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വിജയിച്ച ആഹ്ലാദം ഒരു വഴിക്ക്; ഈസ്റ്റര്‍ വരെ കര്‍ശന വിലക്കുമായി ടിയര്‍ സിസ്റ്റം മറുവഴിക്ക്; അമിത പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പുമായി ബോറിസ്; അതിശക്തമായ വിലക്ക് ലണ്ടനില്‍; വാക്‌സിന് 14 ദിവസത്തിനകം അംഗീകാരം, അടുത്ത മാസം ജനങ്ങളിലേക്ക്

ഡിസംബര്‍ 2ന് അവസാനിക്കുന്ന ലോക്ക്ഡൗണിന് പകരമായി കര്‍ശനമായ ടിയര്‍ സിസ്റ്റമാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് ബോറിസ്

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം അടുത്ത ഈസ്റ്റര്‍ വരെ നീളുന്ന കര്‍ശനമായ കൊറോണാവൈറസ് വിലക്കുകളും പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഓക്‌സ്‌ഫോര്‍ഡ് തയ്യാറാക്കിയ വില കുറഞ്ഞ, സൂക്ഷിക്കാന്‍ എളുപ്പമുള്ള, കുത്തിവെയ്ക്കാന്‍ അനായാസം സാധിക്കുന്ന വാക്‌സിന്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത 14 ദിവസത്തിനകം റെഗുലേറ്റേഴ്‌സ് വാക്‌സിനുള്ള അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇതോടെ വാക്‌സിന്‍ അടുത്ത മാസം തന്നെ ജനങ്ങളിലേക്ക് എത്തിച്ചേരും. ബ്രിട്ടന്‍ 100 മില്ല്യണ്‍ ഡോസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 20 മില്ല്യണ്‍ ക്രിസ്മസിന് അകം തന്നെ ലഭ്യമാക്കും. സുപ്രധാന കണ്ടെത്തലിനെ പ്രശംസിച്ച ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഈസ്റ്ററിനകം വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതുവഴി സ്പ്രിംഗ് ആകുന്നതോടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്ന വഴിയില്‍ തിരിച്ചെത്തും. എന്നാല്‍ ഇക്കാര്യങ്ങളില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വരുംമാസങ്ങള്‍ കടുപ്പമായിരിക്കുമെന്നും, ഇതിന് ശേഷമാണ് ഇളവുകള്‍ നല്‍കാന്‍ വഴിയൊരുങ്ങുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഡിസംബര്‍ 2ന് അവസാനിക്കുന്ന ലോക്ക്ഡൗണിന് പകരമായി കര്‍ശനമായ ടിയര്‍ സിസ്റ്റമാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് ബോറിസ് വ്യക്തമാക്കി. മാര്‍ച്ച് 31 വരെയെങ്കിലും ഈ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകും. രണ്ട് ദേശീയ ലോക്ക്ഡൗണുകള്‍ നേരിട്ട സ്ഥാപനങ്ങള്‍ക്ക് പുതിയ സിസ്റ്റം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ബിസിനസ്സ് നേതാക്കളുടെ പരാതി. ലണ്ടന്‍ നഗരം ടിയര്‍ 3 ലോക്ക്ഡൗണിലാകും നീങ്ങുക. ടിയര്‍ 1ല്‍ പെടുന്ന മേഖലകളില്‍ മാത്രമാണ് കുടുംബങ്ങളുടെ ഇന്‍ഡോര്‍ സമ്പര്‍ക്കം അനുവദിക്കുക. പുതിയ വിലക്കുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പിന് വഴിയൊരുക്കും. 

മഹാമാരി രാജ്യത്ത് വരുത്തിവെച്ച ആഘാതത്തിന്റെ തോത് ചാന്‍സലര്‍ ഋഷി സുനാക് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് ഈ നീക്കങ്ങള്‍. രാജ്യം നേരിടുന്ന മോശം അവസ്ഥ വിവരിക്കുന്നതാകും സുനാകിന്റെ റിവ്യൂവെന്നാണ് ട്രെഷറി ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.