CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 1 Minutes 17 Seconds Ago
Breaking Now

വാക്‌സിന്‍ എടുക്കാന്‍ തയ്യാറല്ലേ, എങ്കില്‍ എന്‍എച്ച്എസ് ജോലിയുമില്ല! എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കെയര്‍ വര്‍ക്കര്‍മാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും; സ്വയം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍

30ന് താഴെ പ്രായമുള്ള ജീവനക്കാരും വൈറസ് അപകടം കുറവാണെന്ന പേരില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നതായി വിദഗ്ധര്‍ ഭയക്കുന്നു

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കെയര്‍ ഹോം ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ഒരുക്കും. വാക്‌സിന്‍ എടുക്കേണ്ടത് ഈ ജീവനക്കാരുടെ പ്രൊഫഷണല്‍ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഡോക്ടര്‍മാരും, കെയര്‍ വര്‍ക്കര്‍മാരും സ്വയം വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രൊഫസര്‍ ക്രിസ് വിറ്റി വ്യക്തമാക്കി. കൊവിഡ് മൂലം രോഗികള്‍ക്ക് നേരിടാന്‍ സാധ്യതയുള്ള എല്ലാ അപകടങ്ങളും കുറയ്ക്കാന്‍ ഇവര്‍ തയ്യാറാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള എന്റെ നിലപാട് വ്യക്തമാണ്. രോഗികളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഡോക്ടറുടെ ഉത്തരവാദിത്വമാണ്. ഇത് എല്ലാ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും പ്രൊഫഷണല്‍ ഉത്തരവാദിത്വമായി നിറവേറ്റുമെന്നാണ് കരുതുന്നത്', വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ ക്രിസ് വിറ്രി വ്യക്തമാക്കി. 

വാക്‌സിനേഷനുകള്‍ നിര്‍ബന്ധമാക്കി മാറ്റിയേക്കുമെന്ന സൂചനയാണ് ഇതാദ്യമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നടത്തിയ പഠനത്തില്‍ ഫെബ്രുവരി 3 വരെ നല്‍കിയ ആദ്യ ഡോസ് കേവലം 64 ശതമാനം ജീവനക്കാരാണ് സ്വീകരിച്ചതെന്ന് കണ്ടെത്തിയിരുന്നു. 

വെള്ളക്കാരായ ജീവനക്കാര്‍ 71 ശതമാനം വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ കറുത്ത ജീവനക്കാരില്‍ ഇതിന്റെ പകുതി മാത്രമാണ് വാക്‌സിനെടുത്തത്. ബെയിം ജീവനക്കാര്‍ക്കിടയില്‍ രോഗസാധ്യതയും, മരണങ്ങളും ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് ഈ സ്ഥിതി. സൗത്ത് ഏഷ്യക്കാര്‍ക്കിടയില്‍ 60 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ബെയിം ജീവനക്കാര്‍ അധികമുള്ള ഡോക്ടര്‍മാരില്‍ 57 ശതമാനം മാത്രമാണ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് എത്തിയത്. 

പ്രായമായ ജീവനക്കാരെ അപേക്ഷിച്ച് 30ന് താഴെ പ്രായമുള്ള ജീവനക്കാരും വൈറസ് അപകടം കുറവാണെന്ന പേരില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നതായി വിദഗ്ധര്‍ ഭയക്കുന്നു. ഈ ഘട്ടത്തിലാണ് ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.