സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേയുടെ ഗുണഫലത്തോടെ വീട് വാങ്ങാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഇത് നഷ്ടപ്പെടുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. നടപടിക്രമങ്ങള്‍ക്ക് വേണ്ടിവരുന്ന കാലതാമസമാണ് ഇതിന് കാരണമെന്നാണ് വ്യക്തമാകുന്നത്. ഈ വൈകല്‍ മൂലം സമയപരിധി അടുക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ നഷ്ടമാകുകയും, ആയിരക്കണക്കിന് പൗണ്ട് നഷ്ടം വരികയും ചെയ്യും.
വീട് വില്‍ക്കുന്നവര്‍ക്ക് അവസാന നിമിഷം വാങ്ങാനെത്തിയവര്‍ പിന്‍മാറുമ്പോള്‍ തിരിച്ചടി നേരിടും. ശരാശരി വില്‍പ്പനയ്ക്ക് വേണ്ടിവരുന്ന സമയം 106 ദിവസത്തില്‍ നിന്നും 121 ദിവസമായാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ഗില്‍ഡ് ഓഫ് പ്രോപ്പര്‍ട്ടി പ്രൊഫഷണല്‍സ് വ്യക്തമാക്കി.
ജൂണ്‍ അവസാനം വരെയുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേയുടെ ഗുണഫലം നേടാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ഈ കാലതാമസം. കൊവിഡ് മഹാമാരിക്ക് ഇടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഊര്‍ജ്ജമേകാനാണ് ചാന്‍സലര്‍ ഋഷി സുനാക് സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ പ്രഖ്യാപിച്ചത്.
ഭവനം വാങ്ങുന്ന ആദ്യ 500,000 പൗണ്ടിലെ ടാക്‌സാണ് പദ്ധതി വഴി നീക്കിയത്. മാര്‍ച്ച് 31ന് തീരുന്ന കാലാവധിയാണ് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചത്. സമയപരിധിക്കുള്ളില്‍ വാങ്ങല്‍ പരിപാടി തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി പണം കൂടി കണ്ടെത്താന്‍ ഉപഭോക്താക്കള്‍ തയ്യാറായിരിക്കണം.