ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഹാരി രാജകുമാരന്‍ അമേരിക്കയിലുള്ള ഭാര്യയുടെ അരികിലേക്ക് പെട്ടെന്ന് മടങ്ങില്ലെന്ന് റിപ്പോര്‍ട്ട്. രാജ്ഞിയുടെ ജന്മദിനം ബുധനാഴ്ച നടക്കുന്നതിനാല്‍ ഹാരി യുകെയില്‍ തുടരാന്‍ തീരുമാനിച്ചെന്നാണ് സൂചന.
യുഎസിലേക്ക് മടങ്ങാന്‍ സസെക്‌സ് ഡ്യൂക്ക് ഓപ്പണ്‍ ഫ്‌ളൈറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് 95 വയസ്സ് തികയുന്ന ദിവസത്തിന് ശേഷം അദ്ദേഹത്തിന് യുഎസിലേക്ക് മടങ്ങാന്‍ കഴിയും. സഹോദരന്‍ വില്ല്യം രാജകുമാരനുമായി രണ്ട് മണിക്കൂര്‍ സമാധാന ചര്‍ച്ചകള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹാരി യുകെയില്‍ കൂടുതല്‍ സമയം ചെലവിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പിതാവ് ചാള്‍സ് രാജകുമാരനുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹാരി യാത്ര വൈകിപ്പിക്കുന്നത് രാജകുടുംബത്തിന് അകത്തെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനാണെന്നാണ് അഭ്യൂഹങ്ങള്‍.
യുഎസില്‍ നിന്നെത്തിയ ഹാരി യുകെ സര്‍ക്കാരിന്റെ ടെസ്റ്റ് & റിലീസ് സ്‌കീം ഉപയോഗിച്ച് നെഗറ്റീവ് കൊവിഡ് ടെസ്റ്റ് ഫലം ലഭിച്ച ശേഷമാണ് ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തിന് ശേഷം ഹാരിയും, വില്ല്യമും ആദ്യമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പ്രശ്‌നപരിഹാരത്തിനാണ് വഴിയൊരുങ്ങുന്നത്.