ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെ പബ്ബില്‍ നിന്നും പിടിച്ചുപുറത്താക്കി പബ്ബ് ഉടമ. ബാത്തിലെ ദി റാവെന്‍ പബ്ബ് നടത്തുന്ന റോഡ് ഹംഫ്രിസാണ് ലോക്ക്ഡൗണിന്റെ പേരില്‍ രാഷ്ട്രീയ നേതാവുമായി ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ആജീവനാന്ത ലേബര്‍ വോട്ടറെന്ന് അവകാശപ്പെട്ട ഹംഫ്രിസിനെ സുരക്ഷാ ഗാര്‍ഡുകള്‍ ബലംപ്രയോഗിച്ച് പിടിച്ചുനിര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.
ലോക്ക്ഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ജനങ്ങളോട് ചോദിക്കാന്‍ ലേബര്‍ നേതാവ് പരാജയപ്പെട്ടതാണ് തന്റെ രോഷത്തിന് കാരണമെന്ന് ലാന്‍ഡ്‌ലോര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു. ചോദിക്കേണ്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പരാജയമായി. ലോക്ക്ഡൗണിനെ സ്വീകരിച്ചത് എന്തിന് വേണ്ടിയാണ്, സ്വാതന്ത്ര്യം നഷ്ടമാക്കിയത് എന്തിന് വേണ്ടിയാണ്?', പബ്ബ് ഉടമ ചോദിച്ചു.
തന്റെ പബ്ബിലേക്ക് ചോദിക്കാതെ കയറിവന്ന നേതാവിനെ പുറത്താക്കിയെന്ന് ഉടമ കൂട്ടിച്ചേര്‍ത്തു. പിടിച്ചുപുറത്താക്കാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ലെന്നും ഉടമ പറയുന്നു. ലോക്ക്ഡൗണ്‍ അനിവാര്യമായിരുന്നോയെന്നാണ് കീര്‍ സ്റ്റാര്‍മറിനോട് പബ്ബിന് പുറത്തുവെച്ച് ഹംഫ്രിസ് ചോദ്യം ഉന്നയിച്ചത്. പ്രായമായവര്‍ മരിക്കുന്നുവെന്നതിന്റെ പേരില്‍ സമ്പദ് വ്യവസ്ഥയെയാണ് ഇല്ലാതാക്കിയതെന്നും പബ്ബ് ഉടമ ആക്രോശിച്ചു.
എന്നാല്‍ പബ്ബ് ഉടമയുടെ വാദങ്ങളെ അനുകൂലിക്കുന്നില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ അനിവാര്യമായിരുന്നുവെന്ന് ബാത്തിലെ ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുന്നുണ്ട്. ലോക്ക്ഡൗണിലേക്ക് ഇനി കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെയ്ക്കണം, സ്റ്റാര്‍മര്‍ വ്യക്തമാക്കി.