
















സ്‌കോട്ട്‌ലണ്ടില്‍ രണ്ട് ഇന്ത്യന്‍ അഭയാര്‍ത്ഥി അപേക്ഷകരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട തെരുവ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത് കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ പോലീസ് നിര്‍ബന്ധിതരായിരുന്നു. ഇപ്പോള്‍ ഗ്ലാസ്‌ഗോയിലെ ജനങ്ങളുടെ ഈ അതിശിയിപ്പിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യക്കാരായ ലാഖ്‌വീര്‍ സിംഗും, സുഹൃത്ത് സുമിത് സെഹ്‌ദേവിയും.
ഹോം ഓഫീസ് അയച്ച പോലീസുകാരാണ് കഴിഞ്ഞ ദിവസം രാവിലെ 10ന് ഇവരുടെ ഫ്‌ളാറ്റില്‍ ഇരച്ചുകയറി അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം ലീവ് ടു റിമെയിന്‍ അവകാശമില്ലാതെ യുകെയില്‍ തങ്ങിയെന്ന ഇമിഗ്രേഷന്‍ കുറ്റം ചെയ്തതായി സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ പൊള്ളോക്ഷീല്‍ഡ്‌സിലെ കെന്‍മൂര്‍ സ്ട്രീറ്റിലേക്ക് നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തി. ഇന്ത്യക്കാരെ കയറ്റിയ പോലീസ് വാഹനത്തെ ഒരടി മുന്നോട്ട് നീങ്ങാന്‍ ഇവര്‍ അനുവദിച്ചില്ല. പ്രദേശത്തെ സിഖ് ഗുരുദ്വാര ക്ഷേത്ര അംഗങ്ങളായ ഈ സുഹൃത്തുക്കള്‍ ഭവനമില്ലാത്ത ആളുകള്‍ക്ക് ഭക്ഷണം വിളമ്പാനായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ജനപ്രിയരായിരുന്നു. 
പ്രദേശവാസികളുടെ എതിര്‍പ്പ് കടുത്തതോടെ പോലീസ് വാഹനത്തില്‍ നിന്ന് ഇരുവരെയും വിട്ടയച്ചു. ജനങ്ങളുടെ ഹര്‍ഷാരവത്തിലേക്കാണ് ലാഖ്‌വീറും, സുമിതും വന്നിറങ്ങിയത്. 'ഫ്‌ളാറ്റില്‍ നിന്നും മുന്നറിയിപ്പില്ലാതെയാണ് ഇവര്‍ അതിക്രമിച്ച് കടന്ന് അറസ്റ്റ് ചെയ്തത്. ഡിറ്റന്‍ഷന്‍ സെന്ററില്‍ എന്താകും അവസ്ഥയെന്നാണ് ഭയപ്പെട്ടത്. ഗ്ലാസ്‌ഗോയില്‍ ഈ ജനങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ച വിധിയില്‍ ഇപ്പോള്‍ സന്തോഷിക്കുകയാണ്. അവരില്‍ ഒരാളായി കണ്ട് സഹായിക്കാനായി അവര്‍ തെരുവിലിറങ്ങി. ജനങ്ങളുടെ അതിശയിപ്പിക്കുന്ന പിന്തുണയില്‍ പറയാന്‍ കഴിയാത്ത സന്തോഷമുണ്ട്', സിംഗ് വ്യക്തമാക്കി. 
സംഭവത്തില്‍ ബ്രിട്ടനിലെ വലിയ ട്രേഡ് യൂണിയനായ യുണൈറ്റിന്റെ നേതൃസ്ഥാനം സ്വപ്‌നം കണ്ട ഹൊവാര്‍ഡ് ബെക്കെറ്റിനെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യാനും ഇടയാക്കി. പ്രീതി പട്ടേലിനെയാണ് നാടുകടത്തേണ്ടതെന്ന് പറഞ്ഞതാണ് കുഴപ്പത്തിന് ഇടയാക്കിയത്. അതേസമയം നിയമപരമായാണ് റെയ്ഡ് നടന്നതെന്നും, അതിന് ഈദുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.