CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 31 Seconds Ago
Breaking Now

കുടുംബത്തെ നോക്കണം, വീക്കെന്‍ഡില്‍ ജോലി ചെയ്യാന്‍ കഴിയില്ല! ജോലിയില്‍ നിന്നും പുറത്താക്കിയ കേസില്‍ അപ്പീല്‍ വിജയിച്ച് നഴ്‌സ്; വീക്കെന്‍ഡില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി തെറിച്ച നഴ്‌സിന് ലഭിച്ചത് 'ചരിത്രവിധി'! ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പുതിയ കരുത്ത്

അപ്പീല്‍ വിജയിച്ചതോടെ ഇവരുടെ വാദങ്ങള്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ പുനഃപരിശോധിക്കും

വീക്കെന്‍ഡുകളില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട നഴ്‌സിന് അനുകൂലമായി ചരിത്രവിധി! തനിക്ക് കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് വാദിച്ച നഴ്‌സിന് ലഭിച്ച ഈ വിജയം ജോലി ചെയ്യുന്ന മറ്റ് അമ്മമാര്‍ക്കുള്ള സുപ്രധാന നേട്ടം കൂടിയാണ്. 

ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയതിന് പിന്നില്‍ ലിംഗവിവേചനം ഇല്ലെന്ന് വിധിച്ച ട്രബ്യൂണല്‍ തീരുമാനത്തിന് എതിരെ ജെമ്മ ഡോബ്‌സണ്‍ നല്‍കിയ അപ്പീലാണ് ജഡ്ജ് അനുവദിച്ചത്. സ്ത്രീകള്‍ക്ക് ചൈല്‍ഡ്‌കെയറിന്റെ അധിക ഉത്തരവാദിത്വത്തിന്റെ ഭാരമുണ്ടെന്നും ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കുമെന്നും എംപ്ലോയ്‌മെന്റ് അപ്പീല്‍ ട്രിബ്യൂണല്‍ പ്രസിഡന്റ് ജസ്റ്റിസ് ചൗധരി വ്യക്തമാക്കി. 

ചൈല്‍ഡ്‌കെയര്‍ ചുമതലയിലെ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാന്‍ ട്രിബ്യൂണല്‍ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് വിധിച്ചു. കംബ്രിയ കോക്കര്‍മൗത്തില്‍ കമ്മ്യൂണിറ്റി നഴ്‌സായിരുന്നു ഡോബ്‌സണ്‍. 2008ല്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ ചെറിയ വികലാംഗത്വം ഉണ്ടായിരുന്നു. ഇതിന് ശേഷം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. 

ഇതിന് ശേഷം രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും ഇളയ കുട്ടിക്ക് 2014ല്‍ ഓട്ടിസം തിരിച്ചറിഞ്ഞു. എന്നാല്‍ 2016ല്‍ നോര്‍ത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ റിവ്യൂവിന് ശേഷം മാസത്തില്‍ ഒരു വീക്കെന്‍ഡ് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് സാധിക്കാതെ വന്നതോടെ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട താന്‍ നേരിട്ടത് ലിംഗ വിവേചനമാണെന്ന് കാര്‍ലിസിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ ബോധിപ്പിച്ചെങ്കിലും ഡോബ്‌സന്റെ നിലപാട് തള്ളി. ഒപ്പം ജോലി ചെയ്ത എട്ട് പുരുഷന്‍മാരും, ഒരു സ്ത്രീയും കുട്ടികള്‍ ഉണ്ടായിട്ടും വീക്കെന്‍ഡില്‍ ജോലി ചെയ്‌തെന്നതായിരുന്നു ന്യായം. 

എന്നാല്‍ ചാരിറ്റിയായ വര്‍ക്കിംഗ് ഫാമിലീസിന്റെ പിന്തുണയോടെ ഡോബ്‌സണ്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കി. കുട്ടികളെ പരിചരിക്കാനുള്ള ഉത്തരവാദിത്വം അധികമായതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ജോലി ചെയ്യുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്ന വസ്തുത ട്രിബ്യൂണല്‍ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് ചൗധരി വ്യക്തമാക്കി. 

അപ്പീല്‍ വിജയിച്ചതോടെ ഇവരുടെ വാദങ്ങള്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ പുനഃപരിശോധിക്കും. അപ്പീലില്‍ ഈ വിധി ഉണ്ടായതില്‍ ആഹ്ലാദത്തിലാണെന്ന് ഡോബ്‌സണ്‍ പ്രതികരിച്ചു. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കുട്ടികളെ പരിചരിക്കുന്നത് മൂലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ശിക്ഷിക്കാന്‍ കഴിയില്ലെന്ന വ്യക്തമായ വിധിയാണ് ഇതെന്ന് സോളിസിറ്റര്‍ ഡോറെണ്‍ റീവ്‌സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.