ഇംഗ്ലണ്ടിലെ മൂന്നാം ലോക്ക്ഡൗണിന്റെ അവസാനഘട്ട വിലക്കുകള്‍ കൂടി പിന്‍വലിച്ച് രാജ്യം തുറന്ന് നല്‍കുന്ന പ്രക്രിയയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ട് കഴിഞ്ഞു. ലോക്ക്ഡൗണ്‍ മുക്തമാകുന്ന ഈ ദിനത്തിന് ഫ്രീഡം ഡേ എന്ന് പേരു നല്‍കിയതും വെറുതെയല്ല. സ്വാതന്ത്ര്യം തിരികെ നല്‍കുന്ന ദിനമെന്നാണ് കരുതിയതെങ്കിലും കൊറോണാവൈറസ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ ജാഗ്രതയോടെയാണ് ഇളവുകള്‍.
കഴിഞ്ഞ മാസം അവസാനിപ്പിക്കേണ്ട ലോക്ക്ഡൗണ്‍ നാലാഴ്ച കൂടി നീട്ടിയാണ് ജൂലൈ 19ന് നിര്‍ത്തുന്നത്. മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും അവസാനിപ്പിക്കുമെന്ന സ്വപ്‌നം പ്രതിദിനം 50,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ല. ഡെല്‍റ്റ വേരിയന്റ് കേസുകള്‍ക്കൊപ്പം ആശുപത്രി പ്രവേശനവും ഉയരുകയാണ്.
മാസ്‌ക്: മുഖം മറച്ചുള്ള മാസ്‌ക് ധരിക്കണമെന്ന നിബന്ധന നിയമപരമായി ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും തിരക്കേറിയ ഇടങ്ങളില്‍ ഇപ്പോഴും മാസ്‌ക് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇത് വേണമെന്നാണ് നിര്‍ദ്ദേശം.
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്: ഒരു സാമൂഹിക അകല നിയമം റദ്ദാക്കിയിട്ടുണ്ട്. ഇതോടെ പബ്ബിലും, റെസ്റ്റൊറന്റിലും ഉള്‍പ്പെടെ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ പരിധി വേണ്ടിവരില്ല. എന്നിരുന്നാലും സാമൂഹിക ബന്ധങ്ങള്‍ കുറച്ച് നിര്‍ത്താനാണ് ഉപദേശം. അതേസമയം എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള ചില ഇടങ്ങളില്‍ ഒരു മീറ്റര്‍ നിയമം തുടരും.
സെല്‍ഫ് ഐസൊലേഷന്‍: രണ്ട് ഡോസ് സ്വീകരിച്ച ശേഷം പോസിറ്റീവ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നാലും ഐസൊലേഷന്‍ വേണ്ടെന്ന നയം ആഗസ്റ്റ് 16 വരെ നീട്ടിയിട്ടുണ്ട്. രണ്ട് ഡോസ് ലഭിക്കാത്തവരുടെ നിയമം സാധാരണ നിലയില്‍ നില്‍ക്കുന്നുണ്ട്.
വര്‍ക്ക് ഫ്രം ഹോം: ഈ നിബന്ധന അവസാനിച്ചതോടെ ജീവനക്കാരെ തിരികെ എത്തിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ തിരക്ക് പിടിക്കാതെ പതിയെ മാത്രം ഈ മടങ്ങിവരവ് മതിയെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം.
കെയര്‍ ഹോം സന്ദര്‍ശനം: ഒരു അന്തേവാസിയെ അഞ്ച് പേര്‍ക്ക് മാത്രം സന്ദര്‍ശിക്കാമെന്ന നിയമം റദ്ദാക്കും. എന്നിരുന്നാലും പിപിഇ പോലുള്ളവ ധരിക്കണമെന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണം തുടരും.
വിവാഹം, സംസ്‌കാരം: വിവാഹങ്ങളിലും, സംസ്‌കാര ചടങ്ങുകളിലും, മറ്റ് സുപ്രധാന പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ പരിധി ഉപേക്ഷിച്ചിട്ടുണ്ട്.