ജോലിയില്‍ തുടരണമെങ്കില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമായി സ്വീകരിക്കണമെന്ന തരത്തില്‍ എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാരെ കുരുക്കാന്‍ ഗവണ്‍മെന്റ്. വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
ഹെല്‍ത്ത് സ്റ്റാഫിന് കൊറോണാവൈറസിന് എതിരെയും, ഫ് ളൂ വാക്‌സിനും നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ആറാഴ്ചത്തെ കണ്‍സള്‍ട്ടേഷന് മന്ത്രിമാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്ക് മറ്റ് റോളുകള്‍ കണ്ടെത്തി വെയ്ക്കാനാണ് പ്രൊവൈഡേഴ്‌സിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
വാക്‌സിനെടുക്കാതെ രോഗസാധ്യത അധികമുള്ള ജീവനക്കാരെ എങ്ങിനെ പരിചരിക്കാന്‍ കഴിയുമെന്ന് കെയര്‍ മിനിസ്റ്റര്‍ ഹെലെന്‍ വാട്‌ലി ചോദിച്ചു. നിര്‍ബന്ധിത വാക്‌സിനേഷന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇതാണ് ശരിയായ വഴിയെന്നും അവര്‍ ന്യായീകരിച്ചു.
90% ഹെല്‍ത്ത് കെയര്‍ ജീവനക്കാരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്‌സിനെടുത്തില്ലെങ്കില്‍ കെയര്‍ ഹോമില്‍ നിയോഗിക്കപ്പെടുന്നതിന് പകരം മറ്റ് റോളുകള്‍ തേടേണ്ടി വരുമെന്നും വാട്‌ലി വ്യക്തമാക്കി.
കൃത്യമായ മെഡിക്കല്‍ കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ മേഖലയില്‍ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് ലേബര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.