CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 54 Seconds Ago
Breaking Now

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചോ? വിലയേറിയ കൊവിഡ് ടെസ്റ്റുകളുടെ തലവേദനയില്ലാതെ നാട്ടില്‍ പോയി ബ്രിട്ടനില്‍ മടങ്ങിയെത്താം; പിസിആര്‍ ട്രാവല്‍ ടെസ്റ്റുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് അധികൃതര്‍; നൂറുകണക്കിന് പൗണ്ട് ലാഭിക്കാം

നിലവില്‍ പിസിആര്‍ ടെസ്റ്റിന് 100 പൗണ്ടിലേറെയാണ് നിരക്ക്

കൊവിഡ് മഹാമാരി കാലത്ത് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകള്‍ നടക്കാത്ത കാര്യമായി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഈ സമയത്ത് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇതില്‍ പ്രധാന പ്രശ്‌നം നാട്ടില്‍ പോകുമ്പോഴും, തിരികെ വരുമ്പോഴുമുള്ള വിലയേറിയ പിസിആര്‍ കൊവിഡ് ടെസ്റ്റുകളാണ്. എന്നാല്‍ ഈ തലവേദന അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുകെ ഗവണ്‍മെന്റ്. 

ഡബിള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ കൊവിഡ് ടെസ്റ്റ് വേണ്ടെന്ന് വെയ്ക്കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടുത്ത മാസത്തെ ഹാഫ് ടേം ഹോളിഡേയ്ക്ക് മുന്‍പ് ഗ്രീന്‍, ആംബര്‍ പട്ടികയില്‍ വരുന്ന രാജ്യങ്ങളില്‍ പോയി മടങ്ങുമ്പോള്‍ ടെസ്റ്റ് വേണ്ടെന്ന് വെയ്ക്കാനാണ് നീക്കം. 

ഹോളിഡേ യാത്രകളും, നാട്ടിലേക്കുള്ള യാത്രകളും മുടങ്ങിക്കിടക്കുന്ന ലക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്ന തീരുമാനം, ട്രാവല്‍ മേഖലയ്ക്കും ആശ്വാസമേകും. ഈ മാറ്റം പ്രഖ്യാപിച്ചാല്‍ ബ്രിട്ടനില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് മുന്‍പ് കൊവിഡ് ടെസ്റ്റ് ആവശ്യമായി വരില്ല. യാത്ര കഴിഞ്ഞെത്തി രണ്ടാം ദിവസമുള്ള പിസിആര്‍ ടെസ്റ്റിന് പകരം വില കുറഞ്ഞ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റാകും എടുക്കേണ്ടി വരിക. 

ഇതോടെ വിദേശ യാത്രക്ക് ഇറങ്ങുന്ന കുടുംബങ്ങള്‍ക്ക് നൂറുകണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയും. നിലവില്‍ പിസിആര്‍ ടെസ്റ്റിന് 100 പൗണ്ടിലേറെയാണ് നിരക്ക്. എന്‍എച്ച്എസ് സൗജന്യ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് നല്‍കുന്നുണ്ട്. 

ബോറിസ് ജോണ്‍സണ്‍, ചാന്‍സലര്‍ ഋഷി സുനാക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്, ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്കിള്‍ ഗോവ് എന്നിവരടങ്ങുന്ന കൊവിഡ്-ഒ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാകും വിഷയത്തില്‍ അന്തിമതീരുമാനം. 




കൂടുതല്‍വാര്‍ത്തകള്‍.