CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 49 Seconds Ago
Breaking Now

ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട! എന്‍എച്ച്എസ് നിറഞ്ഞുകവിയുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് തള്ളി പ്രധാനമന്ത്രിക്ക് പിന്നാലെ ചാന്‍സലറും; ബൂസ്റ്റര്‍ വാക്‌സിന്‍ രക്ഷിക്കുമെന്ന് ഋഷി; വേഗത്തിലാക്കാന്‍ വാക്‌സിന്‍ മേധാവി

ബൂസ്റ്റര്‍ വാക്‌സിന് യോഗ്യതയുള്ള 8.7 മില്ല്യണ്‍ രോഗികളില്‍ 4 മില്ല്യണ്‍ പേര്‍ മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ എടുത്തിരിക്കുന്നത്

ബൂസ്റ്റര്‍ കൊവിഡ്-19 വാക്‌സിനുകള്‍ ബ്രിട്ടനെ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്നതില്‍ നിന്നും തടയുമെന്ന് ചാന്‍സലര്‍ ഋഷി സുനാക്. വിന്ററില്‍ എന്‍എച്ച്എസ് രോഗികളെ കൊണ്ട് നിറഞ്ഞ് കവിയുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കവെയാണ് ചാന്‍സലര്‍ ശുഭാപ്തി വിശ്വാസം നല്‍കുന്ന വാക്കുകളുമായി രംഗത്തെത്തിയത്. 

വൈറസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ മുന്‍നിര ആയുധമായി വാക്‌സിന്‍ തന്നെയാണ് നിലയുറപ്പിച്ച് നില്‍ക്കുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ശൈത്യകാലത്ത് വൈറസ് മൂലം എന്‍എച്ച്എസ് സമ്മര്‍ദത്തിലാകുന്നത് തടയാനും ഇതാണ് പ്രധാന മാര്‍ഗ്ഗം. വിന്റര്‍ വെല്ലുവിളി നിറഞ്ഞതാകുമെന്ന് സമ്മതിച്ചെങ്കിലും മറ്റൊരു ലോക്ക്ഡൗണിലേക്ക് രാജ്യത്തെ തള്ളിവിടില്ലെന്നാണ് ഋഷി സുനാകിന്റെ നിലപാട്. 

രാജ്യത്തെ അടച്ചുപൂട്ടാനുള്ള പദ്ധതി മനസ്സില്‍ പോലുമില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും നേരത്തെ വ്യക്തമാക്കിയത്. കൊവിഡ് ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണമേറുന്നതിനൊപ്പം ഫ് ളൂ പോലുള്ള മറ്റ് ഇന്‍ഫെക്ഷനുകളും ചേര്‍ന്ന് എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കി മാറ്റുമെന്നാണ് ആരോഗ്യ മേധാവികള്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ആറാഴ്ചയ്ക്കിടെ ആദ്യമായി ബ്രിട്ടന്റെ ദൈനംദിന ഹോസ്പിറ്റല്‍ അഡ്മിഷന്‍ 1000 കടന്ന ഘട്ടത്തിലാണ് സുനാകിന്റെ പ്രതികരണം. കൊവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ പദ്ധതിയുടെ വേഗം കൂട്ടാന്‍ ഇംഗ്ലണ്ടിന്റെ വാക്‌സിന്‍ ചീഫ് ഡോ. എമിലി ലോസണ്‍ എന്‍എച്ച്എസില്‍ മേല്‍നോട്ടത്തിനായി തിരിച്ചെത്തുകയും ചെയ്തത് സര്‍ക്കാരിന്റെ നയങ്ങളിലേക്ക് വെളിച്ചം വീശുന്നു. 

ബൂസ്റ്റര്‍ വാക്‌സിന് യോഗ്യതയുള്ള 8.7 മില്ല്യണ്‍ രോഗികളില്‍ 4 മില്ല്യണ്‍ പേര്‍ മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ എടുത്തിരിക്കുന്നത്. കെയര്‍ ഹോം അന്തേവാസികളില്‍ ഇത് കാല്‍ശതമാനം മാത്രമാണ്. വാക്‌സിനുകളുടെ ബലത്തില്‍ വൈറസിനെ നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ പുതിയ ഘട്ടത്തിലാണ് നില്‍ക്കുന്നതെന്നാണ് സുനാകിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.