CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 12 Minutes 50 Seconds Ago
Breaking Now

നഴ്‌സുമാരെയും, പാരാമെഡിക്കുകളെയും കൊലപ്പെടുത്തിയാല്‍ ഇനി ശിക്ഷ ജീവപര്യന്തം; പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താല്‍ ആജീവനാന്തം ജയിലില്‍ കിടക്കാം; ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കൊലയാളികള്‍ പ്രതിക്കൂട്ടില്‍ നിന്ന് ചിരിച്ചതിനെ തുടര്‍ന്ന് പിസി ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടം ഫലം കണ്ടു

എമര്‍ജന്‍സി സര്‍വ്വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് നിയമമാറ്റമെന്ന് ഹോം സെക്രട്ടറി

എന്‍എച്ച്എസ് കെയര്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് നേരെ പല വിധത്തിലുള്ള അക്രമങ്ങളും അരങ്ങേറുന്നുണ്ട്. ഇതില്‍ ചില അക്രമങ്ങള്‍ രൂക്ഷമാകുകയും നഴ്‌സുമാരും, പാരാമെഡിക്കുകളും കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ കലാശിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ അര്‍ഹിക്കുന്ന തരത്തിലാകുന്നില്ലെന്ന പരാതി ഉയരാറുണ്ട്. എന്തായാലും ഇൗ അവസ്ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ട് നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ക്ക് പുറമെ പോലീസുകാര്‍, ഫയര്‍ഫൈറ്റേഴ്‌സ് എന്നിവരെ കൊലപ്പെടുത്തിയാല്‍ ആജീവനാന്ത ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. 

ഹാര്‍പ്പേഴ്‌സ് ലോ എന്നറിയപ്പെടുന്ന പുതിയ നിയമം ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍, ഫയര്‍മാന്‍, പാരാമെഡിക്, പ്രിസണ്‍ ഓഫീസര്‍, എന്‍എച്ച്എസ് കെയര്‍ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ കൊലപ്പെടുത്തുന്ന ക്രിമിനലുകള്‍ക്ക് ബാധകമാണ്. ഈ മാറ്റം പോലീസ്, ക്രൈം, സെന്റന്‍സിംഗ് & കോര്‍ട്‌സ് ബില്‍ ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം ആദ്യം തന്നെ നിയമപുസ്തകങ്ങളില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 

കവര്‍ച്ച നടക്കുന്നതായി വിവരം ലഭിച്ചെത്തി കൊല്ലപ്പെട്ട പിസി ആര്‍ഡ്രൂ ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടമാണ് നിയമമാറ്റത്തിന് ഇടയാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മൂവര്‍ സംഘം 13 വര്‍ഷം മാത്രം ശിക്ഷ നേടിയപ്പോള്‍ തന്നെ നോക്കി പ്രതിക്കൂട്ടില്‍ നിന്ന് ചിരിക്കുന്നത് കണ്ടതോടെയാണ് 30-കാരിയായ ലിസി ഹാര്‍പ്പര്‍ നിയമമാറ്റത്തിനായി രംഗത്തിറങ്ങിയത്. ഹാര്‍പ്പേഴ്‌സ് ലോ ഈ ഘട്ടത്തില്‍ എത്തിച്ചേരുന്നതിന് കഠിനാധ്വാനം വേണ്ടിവന്നതായി ലിസി ഹാര്‍പ്പര്‍ വ്യക്തമാക്കി. 

'എമര്‍ജന്‍സി സര്‍വ്വീസ് ജോലിക്കാര്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടതുണ്ട്. പലപ്പോഴും അപകടങ്ങളിലേക്ക് അവര്‍ ചെന്നെത്തുകയാണ്. സമൂഹത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ സുരക്ഷയാണ് ഹാര്‍പ്പേഴ്‌സ് ലോ പ്രദാനം ചെയ്യുന്നത്', ലിസി പ്രതികരിച്ചു. 

എമര്‍ജന്‍സി സര്‍വ്വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് നിയമമാറ്റമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. പുതിയ ശിക്ഷാവിധി എത്രയും പെട്ടെന്ന് നിലവില്‍ വരുമെന്ന് ജസ്റ്റിസ് മന്ത്രാലയ വക്താവ് പ്രതികരിച്ചു. ഏറ്റവും അപൂര്‍വ്വമായ കേസുകളില്‍ മാത്രമാണ് മിനിമം ജീവപര്യന്ത കാലാവധി ചുരുക്കാന്‍ ജഡ്ജിമാര്‍ക്ക് അവസരം നല്‍കുക. 




കൂടുതല്‍വാര്‍ത്തകള്‍.