CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 43 Seconds Ago
Breaking Now

കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം; സ്വന്തം സര്‍ക്കാരിനെ ഉപദേശിച്ച് മുന്‍ പ്രധാനമന്ത്രി മേയ്; വേരിയന്റ് വരുമ്പോള്‍ ഇക്കോണമിയെ തടസ്സപ്പെടുത്തുന്നതില്‍ വിമര്‍ശനം; ഒമിക്രോണ്‍ സാമൂഹ്യ വ്യാപനം തുടങ്ങിയെന്ന് ഹെല്‍ത്ത് സെക്രട്ടറി; ആയിരക്കണക്കിന് കേസുകള്‍ കണ്ടെത്താതെ കിടക്കുന്നു?

എല്ലാ പോസിറ്റീവ് സാമ്പിളും ജനിതക സീക്വന്‍സിംഗിന് വിധേയമാക്കാത്തതാണ് തിരിച്ചറിയാതെ പോകാന്‍ കാരണം

ഒമിക്രോണ്‍ കൊവിഡ്-19 വേരിയന്റിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേയ്. സമ്പദ് വ്യവസ്ഥയെ തടസ്സപ്പെടുത്തിയും, പുനരാരംഭിച്ചും ബിസിനസ്സുകളെ കുഴപ്പത്തിലാക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. 

മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് അത്ര ഗുരുതരമല്ലാത്ത നിലയിലാണ് ഒമിക്രോണ്‍ രോഗം പരത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ കൊവിഡിനൊപ്പം ജീവിക്കാനാണ് പഠിക്കേണ്ടത്. സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തി, പിന്നീട് വീണ്ടും തുടങ്ങുന്നത് ബിസിനസ്സുകളെ തകര്‍ക്കാനും, തൊഴിലുകള്‍ നഷ്ടപ്പെടുത്താനും ഇടയാക്കും. ഇതിന് പകരം വാര്‍ഷിക വാക്‌സിന്‍ പരിപാടിയാണ് പരിഹാരമെന്നും തെരേസ മേയ് ചൂണ്ടിക്കാണിച്ചു. 

ഇതിനിടെ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും 90 പുതിയ വേരിയന്റ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ യുകെയില്‍ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 336 ആയി. തീവ്രവ്യാപന ശേഷിയുള്ള സ്‌ട്രെയിന്‍ മൂലമുള്ള കേസുകളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ ആയിരം കടന്നിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എല്ലാ പോസിറ്റീവ് സാമ്പിളും ജനിതക സീക്വന്‍സിംഗിന് വിധേയമാക്കാത്തതാണ് തിരിച്ചറിയാതെ പോകാന്‍ കാരണം. 

അതേസമയം ഇംഗ്ലണ്ടില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ആരംഭിച്ചതായി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളിലോ, മാസത്തിനകമോ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വേരിയന്റായി ഒമിക്രോണ്‍ മാറുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ട് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ പറഞ്ഞു. ഡെല്‍റ്റയെ മറികടന്ന് കൂടുതല്‍ രോഗികളെ സൃഷ്ടിക്കാന്‍ വേരിയന്റിന് സാധിക്കുമെന്ന് അദ്ദേഹം സൗത്ത് ആഫ്രിക്കയുടെ അനുഭവം ചൂണ്ടിക്കാണിച്ച് വ്യക്തമാക്കുന്നു.

ക്രിസ്മസ് കാലത്ത് പുതിയ വിലക്കുകള്‍ വരേണ്ട സമയം ആയിട്ടുണ്ടെങ്കിലും ഇത് ചിലപ്പോള്‍ പുതുവര്‍ഷത്തിലാകും പ്രാബല്യത്തില്‍ വരുന്നതെന്നും പ്രൊഫസര്‍ ഹണ്ടര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.