യുകെയിലെ ദൈനംദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും താഴേക്ക്. ഇതോടെ ഒമിക്രോണ്‍ ദുരിതം അവസാനിക്കുന്നതായാണ് ആരോഗ്യ വകുപ്പ് മേധാവികളുടെ പ്രതീക്ഷ. 24 മണിക്കൂറില്‍ 129,587 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് കാല്‍ശതമാനമാണ് രോഗികളുടെ എണ്ണത്തില്‍ വന്നിട്ടുള്ള കുറവ്.
ഇന്റര്‍സീവ് കെയറില്‍ ബ്രീത്തിംഗ് പിന്തുണ ആവശ്യമായ രോഗികളുടെ എണ്ണത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബര്‍ മധ്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ദുരിതം നിലനില്‍ക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ മേധാവി മാത്യൂ ടെയ്‌ലര്‍ പറഞ്ഞു. എന്നിരുന്നാലും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായില്ലെങ്കില്‍ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം നാഷണല്‍ പീക്കിന് സമീപമെത്തിയിട്ടുണ്ട്, ഇത് സുപ്രധാനമാണ്, ടെയ്‌ലര്‍ വ്യക്തമാക്കി.
ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ഭയപ്പെട്ടത് പോലെ ഉയര്‍ന്നില്ലെന്ന് മിഡില്‍സ്ബറോയിലെ ഇന്റന്‍സീവ് കെയര്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ക്രീ പറഞ്ഞു. ഒമിക്രോണ്‍ തരംഗത്തില്‍ നിന്നും നമ്മള്‍ പുറത്തുകടക്കാനുള്ള സാധ്യതയാണ് തെളിയുന്നത്, ഡോക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച യുകെയിലെ ഇന്‍ഫെക്ഷനുകള്‍ 4.3 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പറയുന്നു. എന്നാല്‍ നിരക്ക് വര്‍ദ്ധന കുറയുകയും, ലണ്ടനില്‍ ഇത് താഴുകയും ചെയ്തു. 16,881 കൊവിഡ് രോഗികളാണ് ആശുപത്രികളിലുള്ളത്.