ബ്രിട്ടീഷ് ജനതയുടെ ആത്മധൈര്യത്തെ പ്രശംസിച്ച് ഋഷി സുനാക്. മഹാമാരി മൂലം കൈവിട്ട വളര്‍ച്ചയാണ് കഴിഞ്ഞ നവംബറില്‍ രാജ്യം തിരിച്ചുപിടിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ ജിഡിപി 0.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2020 ഫെബ്രുവരിയേക്കാള്‍ മുകളിലാണ് വളര്‍ച്ചയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
അനലിസ്റ്റുകള്‍ പ്രവചിച്ച 0.4 ശതമാനത്തിന്റെ ഇരട്ടിയാണെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടന് ഏറെ ആവശ്യമുള്ള പ്രചോദനം കൂടിയാണിത്. ഇത് സന്തോഷമേകുന്ന വാര്‍ത്തയാണെന്ന് ചാന്‍സലര്‍ പറഞ്ഞു. തിരിച്ചുവരവ് ട്രാക്കില്‍ തന്നെ തുടരാന്‍ ആളുകളോട് ബൂസ്റ്റര്‍ വാക്‌സിനെടുക്കാനും ഋഷി സുനാക് ആവശ്യപ്പെട്ടു.
എന്നാല്‍ നവംബറില്‍ ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെടുകയും, വിലക്കുകള്‍ തിരിച്ചെത്തുകയും ചെയ്തതോടെ ഈ ചിത്രം മാറിമറിഞ്ഞോയെന്ന ആശങ്കയും ശക്തമാണ്. ഒമിക്രോണ്‍ എത്തുന്നതിന് മുന്‍പുള്ള മാസത്തില്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടിയെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ക്കിടെക്ട്, റീട്ടെയിലര്‍, കൊറിയര്‍, അക്കൗണ്ടന്റ് എന്നിവര്‍ക്ക് ഇതൊരു ലോട്ടറി അടിച്ച മാസമായിരുന്നു.
നിരവധി മാസങ്ങള്‍ക്ക് ശേഷം കണ്‍സ്ട്രക്ഷന്‍ മേഖലയും തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ജിഡിപി മഹാമാരിക്ക് മുന്‍പുള്ള നിരക്കിലേക്ക് ആദ്യമായി തിരിച്ചെത്തിയത് നവംബറിലാണ്. സമ്പദ് വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരുമെന്ന് സുനാക് വ്യക്തമാക്കി.
ബിസിനസ്സുകള്‍ക്ക് ഗ്രാന്റുകളും, ലോണുകളും, ടാക്‌സ് ഇളവുകളും നല്‍കുമെന്നും സുനാക് പറയുന്നു. തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ വഴി രാജ്യത്തിന് അവസരങ്ങളുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ജീവിതങ്ങളും, തൊഴിലവസരങ്ങളം സംരക്ഷിക്കാന്‍ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്, ചാന്‍സലര്‍ വ്യക്തമാക്കി.