അടുത്ത വീക്കെന്‍ഡില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ തങ്ങള്‍ പിന്നണിയില്‍ ഒതുങ്ങിക്കോളാമെന്ന് രാജ്ഞിക്ക് ഉറപ്പ് നല്‍കി ഹാരിയും, മെഗാനും. ബ്രിട്ടനിലെത്തുമ്പോള്‍ ഔദ്യോഗിക പരിപാടികളില്‍ മാത്രമാണ് പങ്കെടുക്കുകയെന്നും സസെക്‌സ് ഡ്യൂക്കും, ഡച്ചസും സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങുകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന തരത്തില്‍ നാടകങ്ങളില്ലാതെ കുടുംബാംഗങ്ങളോട് ഒരുമിച്ചെത്താന്‍ രാജ്ഞി ഉത്തരവിട്ടിരുന്നു.
ജൂണ്‍ 2ന് ട്രൂപ്പിംഗ് ദി കളറിന് ശേഷം ജൂണ്‍ 3ന് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കുന്ന താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസില്‍ ഹാരിയും, മെഗാനും പങ്കെടുക്കും. എന്നാല്‍ രാജകുടുംബത്തിലെ സീനിയര്‍ വര്‍ക്കിംഗ് അംഗങ്ങള്‍ക്കൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ ഇരുവരും ഉണ്ടാകില്ല. ആന്‍ഡ്രൂ രാജകുമാരനും ബാല്‍ക്കണിയിലേക്ക് പ്രവേശനം ലഭിക്കില്ല.
മക്കളായ ആര്‍ച്ചിയെയും, ലിലിബെറ്റിനെയും കൂട്ടി യുകെയിലേക്ക് നടത്തുന്ന ആദ്യത്തെ യാത്രയില്‍ ഹാരിയ്ക്കും, മെഗാനും ഒരു ആശങ്ക ബാക്കിയാണ്. ജൂണ്‍ 4 ശനിയാഴ്ച കുഞ്ഞ് ലിലിബെറ്റിന്റെ ഒന്നാം പിറന്നാളാണ്. രാജ്ഞിയുടെ ആഘോഷങ്ങള്‍ക്കിടെ ഇത് എങ്ങിനെ നടത്തുമെന്നത് തലവേദനയാണ്. 'ഹാരിയ്ക്കും, മെഗാനും ലിലിബെറ്റിന്റെ ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് താല്‍പര്യം. എന്നാല്‍ ശനിയാഴ്ച പ്ലാറ്റിനം ജൂബിലി തിരക്കുകള്‍ മൂലം ഡയറി നിറഞ്ഞിരിക്കുകയാണ്. ഒരു വയസ്സുകാരിയുടെ പിറന്നാള്‍ പാര്‍ട്ടിക്കുള്ള സമയം ഇതില്‍ കുറവാണ്', ഒരു ശ്രോതസ്സ് സണ്‍ പത്രത്തോട് പറഞ്ഞു.
ലിലിബെറ്റിന്റെ മുതുമുത്തശ്ശിയായ രാജ്ഞി ജൂബിലി ശനിയാഴ്ച ദിനത്തില്‍ സറെയിലെ എപ്‌സം ഡെര്‍ബി ഹോഴ്‌സ് റേസിംഗില്‍ സമയം ചെലവിടും. ശനിയാഴ്ച രാത്രിയില്‍ രാജകുടുംബത്തിലെ ഇളമുറക്കാര്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന പ്ലാറ്റിനം പാര്‍ട്ടിക്കായി എത്തും. ഈ ഘട്ടത്തില്‍ സസെക്‌സുമാര്‍ എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്ന വിഷയത്തില്‍ ഇപ്പോഴും ഉറപ്പ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.