
















 
                    
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലെ ബാറില്‍ 21 കൗമാരക്കാര്‍ മരിച്ച നിലയില്‍. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. കുട്ടികള്‍ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രി ഹൈസ്‌കൂള്‍ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകളൊന്നുമില്ല. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു, മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ പറയാനാകൂ.
എട്ട് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേണ്‍ കേപ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. പതിനേഴുപേരെ ഭക്ഷണശാലയ്ക്കുള്ളില്‍ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ മരിച്ചു. സാധാരണയായി ഷെബീന്‍സ് എന്നറിയപ്പെടുന്ന ടൗണ്‍ഷിപ്പ് ഭക്ഷണശാലകളില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മദ്യപാനം അനുവദനീയമാണ്. എന്നാല്‍ പലപ്പോഴും 18 വയസ്സിന് താഴെയുള്ളവര്‍ക്കും മദ്യം നല്‍കാറുണ്ട്.
പരിക്കിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ല. മരിച്ചവരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ പരീക്ഷകള്‍ അവസാനിച്ചതിന് ശേഷം നടന്ന 'പെന്‍സ് ഡൗണ്‍' പാര്‍ട്ടികള്‍ ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
