അല്‍ഖ്വായ്ദാ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ സിഐഎ നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ കൊലപ്പെടുത്തിയതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒസാമ ബിന്‍ ലാദന്റെ കൊടുംതീവ്ര വലംകൈയായിരുന്ന സവാഹിരി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ നിരവധി അക്രമങ്ങള്‍ക്ക് പിന്നില്‍ സൂത്രധാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 11 അക്രമങ്ങളെ എടുത്ത് കാണിച്ചാണ് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഭീകരവാദി നേതാക്കള്‍ക്ക് പിന്നാലെ പോകുകയും, എവിടെ ഒളിച്ചിരുന്നാലും, എത്ര വൈകിയായാലും നടപടി ഉണ്ടാകുമെന്ന് ബൈഡന്‍ വ്യക്തമാക്കി. 9/11 അക്രമങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ച ഭീകരനാണ് സവാഹിരി.
'ഇപ്പോള്‍ നീതി നടപ്പാക്കപ്പെട്ടിരുന്നു. ഈ ഭീകര നേതാവ് ഇപ്പോള്‍ ജീവനോടെയില്ല. ഞങ്ങളുടെ ആളുകള്‍ക്ക് നിങ്ങള്‍ ഭീഷണിയാണെങ്കില്‍ എത്ര സമയം എടുത്തും, നിങ്ങളെ കണ്ടെത്തി ഇല്ലാതാക്കും', ബൈഡന്‍ വ്യക്തമാക്കി. 71-കാരനായ അല്‍ സവാഹിരിയെ രണ്ട് ഹെല്‍ഫയര്‍ നിഞ്ചാ മിസൈലുകളാണ് കൊലപ്പെടുത്തിയത്. കാബൂളിലെ ധനിക മേഖലയിലെ സുരക്ഷിത ഭവനത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെയാണ് സിഐഎ ഡ്രോണുകള്‍ ഇയാളെ തേടിയെത്തിയത്.
ആറ് മാസം കൊണ്ടാണ് അമേരിക്ക പദ്ധതി നടപ്പാക്കിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യ, മകള്‍, പേരക്കുട്ടികള്‍ എന്നിവര്‍ക്ക് പരുക്കില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. താലിബാന്റെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. മുതിര്‍ന്ന അല്‍ഖ്വായ്ദാ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ഇയാളെ എഫ്ബിഐ ചോദ്യം ചെയ്യലിനായി തേടുന്നുണ്ട്.
2011ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ച് കഴിഞ്ഞ ഒസാമയെ കൊലപ്പെടുത്തിയതോടെയാണ് സവാഹിരി അല്‍ഖ്വായ്ദാ നേതാവായത്. ഇയാളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 25 മില്ല്യണ്‍ ഡോളറാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്.