യൂറോ കപ്പ് നേടിയ ഇംഗ്ലീഷ് വനിതാ ടീമിനെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാകാത്ത ബോറിസ് ജോണ്‍സനെ തള്ളി ടോറി നേതൃസ്ഥാനാര്‍ത്ഥികള്‍. തങ്ങളെ വിജയിപ്പിച്ച് പ്രധാനമന്ത്രിയാക്കിയാല്‍ പെണ്‍സിംഹങ്ങള്‍ക്ക് നം.10 അടിപൊളി പാര്‍ട്ടി സംഘടിപ്പിച്ച് നല്‍കാമെന്നാണ് ഋഷി സുനാകും, ലിസ് ട്രസും ഒരുപോലെ വാഗ്ദാനം ചെയ്യുന്നത്.
ഋഷി സുനാക് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ വനിതാ ഫുട്‌ബോള്‍ ടീമിന് ഡൗണിംഗ് സ്ട്രീറ്റില്‍ വരവേല്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ ടീം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന് പ്രചോദനമേകുന്ന ടീമിന് പാര്‍ട്ടി നല്‍കുമെന്നാണ് ലിസ് ടീമിന്റെ പ്രതികരണം.
ഞായറാഴ്ച രാത്രിയാണ് പെണ്‍സിംഹങ്ങള്‍ രാജ്യത്തിന് അഭിമാനവും, ആഹ്ലാദവും സമ്മാനിച്ച് യൂറോ ഫൈനലില്‍ ജര്‍മ്മനിയ്ക്ക് എതിരെ 2-1ന് കീഴടക്കിയത്. കപ്പടിച്ച വനിതാ താരങ്ങളെ രാജ്യം പ്രശംസ കൊണ്ട് മൂടുമ്പോഴും പ്രധാനമന്ത്രി കസേരയിലുള്ള ബോറിസിന്റെ ഭാഗത്ത് നിന്നും വലിയ അനക്കമൊന്നും ഉണ്ടായിട്ടില്ല.
ബ്രിട്ടന്‍ സൂപ്പര്‍സ്റ്റാറുകളായി മാറിയിട്ടും താരങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കില്ലെന്ന് നം.10 സ്ഥിരീകരിച്ചതോടെയാണ് ബോറിസിന് നേരെ വിമര്‍ശനം ഉയര്‍ന്നത്. സാധാരണയായി സുപ്രധാന ടൂര്‍ണമെന്റുകളില്‍ വിജയം കരസ്ഥമാക്കുമ്പോള്‍ കായിക ടീമുകള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റില്‍ വിജയാഘോഷം ഉണ്ടാകാറുണ്ട്.
പ്രധാനമന്ത്രിയുടെ തീരുമാനം നിരാശാജനകമാണെന്ന് മുന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ഗ്രെഗ് ഡൈക് പറഞ്ഞു. സംഭവങ്ങളുടെ പോക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ കായിക മന്ത്രി ട്രേസി ക്രൗച്ചും അഭിപ്രായപ്പെട്ടു. ഞായറാഴ്ച വരെ ഹോളിഡേ ആഘോഷിക്കുന്ന തിരക്കിലാണ് ബോറിസ്.