യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും മസ്തിഷ്‌ക മരണം സംഭവിച്ച 12 കാരനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ആര്‍ച്ചിയുടെ മാതാപിതാക്കള്‍ അവസാന നിമിഷം സമര്‍പ്പിച്ച ഹര്‍ജി മനുഷ്യാവകാശ കോടതി നിരാകരിച്ചു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന ആര്‍ച്ചിയില്‍ നിന്നും ഇന്ന് ആ ഉപകരണങ്ങള്‍ വേര്‍പെടുത്തിയേക്കും.
കഴിഞ്ഞ നാലു മാസ കാലമായി മകന്റെ ചികിത്സ തുടരാനുള്ള നിയമ പോരാട്ടത്തിന് ഫലം കണ്ടില്ലെന്നറിഞ്ഞ് അമ്മ ലണ്ടന്‍ ഹോസ്പിറ്റലിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.ഇനി ആശുപത്രിയില്‍ നിന്ന് മാറ്റി അന്തസ്സോടെയുള്ള മരണമെങ്കിലും ഉറപ്പാക്കുമെന്ന് അമ്മ പറഞ്ഞു. അവന് വേണ്ടപ്പെട്ടവരെല്ലാം ഒരുമിച്ച് കൂടെയിരിക്കുമ്പോള്‍ വേണം അവന്‍ യാത്രയാകാന്‍. നേരത്തെ ഇതിനുള്ള അനുമതി കോടതി നിഷേധിച്ചിരുന്നു. ചികിത്സ തുടരാന്‍ സമ്മതിക്കാത്ത നിയമം അവന്റെ മരണം എവിടെ വച്ചായിരിക്കുമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കിയത് കാടത്തമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് പറയുന്നത് ആര്‍ച്ചിയുടെ നില അതീവ ഗുരുതരമാണെന്നും ഒരു ആംബുലന്‍സില്‍ അവനെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് പോലും മരണ കാരണമായക്കാം എന്നുമാണ്. മാത്രമല്ല റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ വച്ചു തന്നെ ചികിത്സകള്‍ അവസാനിപ്പിച്ച് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എടുത്തുമാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശവും.
എന്നാല്‍ ആര്‍ച്ചിയെ ഹോസ്പീസിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. രാവിലെ 9 മണിവരെ മാത്രമേ സമയമുള്ളൂ. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ആര്‍ച്ചിയെ വീടിന് വെളിയില്‍ ബോധരഹിതനായി കണ്ടെത്തിയത്. തറയില്‍ ഒരു മുറിവുണ്ടായിരുന്നു. ഓണ്‍ലൈന്‍ ഗെയിമിന്റെ ചലഞ്ച് ഏറ്റെടുത്ത് സാഹസ പ്രവര്‍ത്തി ചെയ്തതാകാമെന്നാണ് സൂചന.