കേംബ്രിഡ്ജ്: കേരളത്തിന്റെ പ്രതിപക്ഷ നേതാവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നതനായ ലീഡറും, പ്രമുഖ വാഗ്മിയുമായ അഡ്വ.വി ഡി സതീശന്‍ എംഎല്‍എ ക്ക് ആംഗ്ലിയാ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണവും,'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുന്നു. യു കെ യിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സെമിനാറും, ചര്‍ച്ചയും നവംബര്‍ 18 നാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് മെമ്പറും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കോര്‍ഡിനേറ്ററുമായ അഡ്വ.ബൈജു തിട്ടാല സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും.
2023 നവംബര്‍ 18ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് ഹാളില്‍ വെച്ച് ആരംഭിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എംഎല്‍എ യോടൊപ്പം, കേംബ്രിഡ്ജ് എംപി യും, ഷാഡോ മിനിസ്റ്ററുമായ ഡാനിയേല്‍ ഷേഷ്ണര്‍, കേംബ്രിഡ്ജ് ആന്‍ഡ് പീറ്റര്‍ബറോ കമ്പൈന്‍ഡ് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്!മാന്‍ എന്നിവര്‍ സംസാരിക്കും.
പുരോഗമന കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയനും, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവുമായ വി.ഡി.സതീശന്‍, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും, സന്തുലിത സമ്പത്ത് ഘടന, താത്വിക സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള വിഷയങ്ങളാവും ഉയര്‍ത്തിക്കാട്ടുക.
'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' എന്ന വിഷയത്തെ ആസ്പദമാക്കി ആംഗ്ലിയ റസ്‌കിന്‍ സര്‍വ്വകലാശാലയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖരുടെ ചിന്തകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അനിവാര്യമായ ഭാവി രാഷ്ട്ര പുനംനിര്‍മ്മാണത്തിലും, രാഷ്ട്രീയ സുസ്ഥിതിയിലേക്കും സൗഹാര്‍ദ്ധ അന്തരീക്ഷത്തിലേക്കും ഉള്ള തിരിച്ചു വരവിനും വഴിയൊരുക്കും.
ജനാധിപത്യത്തിന് ലോകോത്തര മാതൃക നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തിയും,നെഹ്രുവിയന്‍ ആശയങ്ങളും കാഴ്ചപ്പാടും ചര്‍ച്ചയാവുമ്പോള്‍ കാലിക ഭരണ വീഴ്ചകളില്‍, വര്‍ഗ്ഗീയ ദ്രുവീകരണ നയങ്ങളും, ജനാധിപത്യ മൂല്യ ശോഷണവും, പൊതുമുതല്‍ സ്വകാര്യവല്‍ക്കരിക്കല്‍ അടക്കം വിഷയങ്ങള്‍ ചര്‍ച്ചയില്‍ അലയടിക്കും.
ആംഗ്‌ളീയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സ്റ്റുഡന്‍സ് യൂണിയനുമായി സഹകരിച്ചു നടത്തുന്ന സമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കാണുക.
ചിന്തോദ്ധീപകവും, കാലിക പ്രാധാന്യമേറിയതുമായ ചര്‍ച്ചകളിലും ക്‌ളാസ്സുകളിലും താല്‍പ്പര്യമുള്ള ഏവര്‍ക്കും രെജിസ്‌ട്രേഷന്‍ നടപടികളില്ലാതെ തന്നെ വന്ന് പങ്കെടുക്കാവുന്നതാണ്.