അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നീക്കാനുള്ള പദ്ധതിക്ക് തടസ്സമായി സുപ്രീംകോടതി. ചാനല്‍ കടന്നെത്തുന്ന കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലമല്ല റുവാന്‍ഡയെന്നാണ് രാജ്യത്തെ പരമോന്നത കോടതിയുടെ വിധി. കോടതിയില്‍ നിന്നും പ്രതീക്ഷിച്ച തിരിച്ചടി നേരിട്ടതോടെ റുവാന്‍ഡ സ്‌കീമിന് പാര പണിയാന്‍ ജഡ്ജിമാരെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനങ്ങള്‍ പറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ആളുകളെ കള്ളക്കടത്ത് നടത്തി രാജ്യത്ത് എത്തിക്കുന്ന അപകടകരമായ ബിസിനസ്സിന് തടയിടാന്‍ ശ്രമിക്കുമ്പോള്‍ തുടര്‍ച്ചയായി തടസ്സങ്ങള്‍ നേരിടുന്നത് ക്ഷമയെ പരീക്ഷിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കോടതി വിധിയെ മറികടക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തുമെന്നും സുനാക് സ്ഥിരീകരിച്ചു.
ഇതിന് പുറമെ ബ്രിട്ടനില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരുന്നതിന് വിലക്ക് കല്‍പ്പിക്കുന്ന യൂറോപ്യന്‍ കോടതികളുടെ അധികാര പരിധി തടയുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 'വിദേശ കോടതികളെ വിമാനങ്ങള്‍ തടയാന്‍ അനുവദിക്കില്ല. പാര്‍ലമെന്റിന്റെ താല്‍പര്യങ്ങളില്‍ സ്ട്രാസ്ബറോ കോടതി ഇടപെട്ടാല്‍ വിമാനങ്ങള്‍ പറക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇത് എളുപ്പമായിരിക്കില്ല', സുനാക് പറഞ്ഞു.
റുവാന്‍ഡയെ നിയമപരമായി സുരക്ഷിത രാജ്യമായി പ്രഖ്യാപിച്ചാണ് ഗവണ്‍മെന്റ് ഈ നീക്കം നടത്തുക. കൂടാതെ യുകെയില്‍ നിന്നും സ്വദേശത്തേക്ക് അയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരികെ വിടില്ലെന്ന് യുകെ-റുവാന്‍ഡ കരാറും ഒപ്പിടും. സ്‌കീം നടപ്പായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.