ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ മത്സരം കടുത്തതോടെ നിരക്കുകള്‍ കുറയ്ക്കാന്‍ യുകെ ലെന്‍ഡേഴ്‌സ്. പണപ്പെരുപ്പത്തിന് വേഗത കുറയുകയും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഭാവിയില്‍ പലിശ നിരക്കുകള്‍ ചുരുക്കുമെന്ന പ്രതീക്ഷ വിപണിയില്‍ രൂപപ്പെടുകയും ചെയ്തതാണ് ഈ നേട്ടത്തിന് ഇടയാക്കുന്നത്.
ജൂലൈയില്‍ പരമോന്നതിയില്‍ എത്തിയ ശേഷം ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഉത്പന്നങ്ങളിലെ ശരാശരി നിരക്കുകള്‍ 0.5 ശതമാനം പോയിന്റിലേറെ കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. കടമെടുപ്പ് ചെലവുകള്‍ കുറയ്ക്കാനുള്ള ബേസ് റേറ്റ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുന്നതിന് മുന്‍പ് തന്നെ ഇത് തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്.
ബുധനാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ഒക്ടോബറില്‍ ബ്രിട്ടനിലെ വിലക്കയറ്റം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറഞ്ഞതായാണ് കണ്ടെത്തല്‍. മുന്‍ മാസത്തെ 6.7 ശതമാനത്തില്‍ നിന്നും 4.6 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം കുറഞ്ഞത്. അടുത്ത വര്‍ഷം ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
എച്ച്എസ്ബിസിയാണ് ഏറ്റവും ഒടുവിലായി നിരക്ക് വെട്ടിക്കുറച്ചത്. എതിരാളികളായ ഹാലിഫാക്‌സ്, വിര്‍ജിന്‍ മണി, നേഷന്‍വൈഡ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഈ നടപടി സ്വീകരിച്ചത്. ഭാവിയിലെ നിരക്കുകള്‍ സംബന്ധിച്ച് പ്രതീക്ഷ ഉയര്‍ന്നതോടെയാണ് ലെന്‍ഡേഴ്‌സ് നിരക്കുകള്‍ കുറയ്ക്കുന്നതെന്ന് മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ കരുതുന്നു. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 6.19 ശതമാനത്തിലായിരുന്നു. അഞ്ച് വര്‍ഷത്തേത് 5.79 ശതമാനത്തിലുമാണുള്ളത്.