യുകെയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഹാരി രാജകുമാരനും, ഭാര്യ മെഗാനും ഇക്കുറി ചാള്‍സ് രാജാവിന്റെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. യുഎസിലേക്ക് പോകുന്നതിന് മുന്‍പ് 2018-ലായിരുന്നു സാന്‍ഡിഗ്രാമില്‍ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ദമ്പതികളുടെ അവസാനത്തെ ക്രിസ്മസ്.
എന്നാല്‍ ഇപ്പോള്‍ ഹാരിയും, മെഗാനും കൂടുതല്‍ സമയം ചാള്‍സ് രാജാവിനൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്നതായി ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നു. തങ്ങളുടെ മക്കളായ ആര്‍ച്ചിക്കും, ലിലിബെറ്റിനും ഒപ്പം ഒരിക്കല്‍ പോലും ക്രിസ്മസ് ആഘോഷിക്കാന്‍ രാജാവിന് അവസരം ലഭിച്ചിട്ടില്ല. 'ഇക്കുറി രാജാവിന്റെ ക്ഷണം തേടിയെത്തിയാല്‍ സസെക്‌സ് ദമ്പതികള്‍ നിരാകരിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. ഇതുവരെ ഇത്തരമൊരു ക്ഷണം തേടിയെത്തിയിട്ടില്ല', ഈ സുഹൃത്ത് സണ്‍ഡേ ടൈംസിനോട് പറഞ്ഞു.
ബക്കിംഗ്ഹാം കൊട്ടാരം വിഷയത്തില്‍ ഒരു പ്രതികരണത്തിന് തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ച ചാള്‍സ് രാജാവിന്റെ 75-ാം ജന്മദിനത്തില്‍ ഹാരിയും, മെഗാനും കാലിഫോര്‍ണിയയിലെ വസതിയില്‍ നിന്നും രാജാവിനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചിരുന്നു. ആര്‍ച്ചിയും, ലിലിബെറ്റും ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്ന വീഡിയോയും ചാള്‍സിനെ കാണിച്ചതായാണ് റിപ്പോര്‍ട്ട്.
എന്തായാലും പിതാവിനെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ തയ്യാറായിക്കൊണ്ട് മകന്‍ ഹാരി മുന്‍പത്തെ പ്രശ്‌നങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. ഈ വര്‍ഷം ആദ്യം ഹാരിയുടെയും, മെഗാന്റെയും യുകെ വസതിയായ ഫ്രോഗ്മോര്‍ കോട്ടേജ് ഒഴിയാന്‍ ചാള്‍സ് ഉത്തരവിട്ടിരുന്നു. അതുകൊണ്ട് തന്നെ രാജകുടുംബത്തോടൊപ്പം താമസിക്കണമെങ്കില്‍ ഇരുവര്‍ക്കും ഔദ്യോഗിക ക്ഷണം ലഭിക്കണം.