CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 40 Minutes 25 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള 2023: വിജയികള്‍ക്ക് സമ്മാന വിതരണം നവംബര്‍ 25ന് കവന്‍ട്രിയിലെ കാര്‍ഡിനല്‍ വൈസ്മാന്‍ സ്‌കൂളില്‍; തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥി

ചെല്‍റ്റന്‍ഹാം ക്ലീവ് സ്‌കൂളിലെ ഇന്നസെന്റ് നഗറില്‍ വെച്ച് നവംബര്‍ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവന്‍ട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാര്‍ഡിനല്‍ വൈസ്മാന്‍ സ്‌കൂളിലെ വേദിയില്‍ വച്ച് നടത്തുന്നതാണ്. ബഹുമാന്യനായ കോട്ടയം എം.പി. ശ്രീ.തോമസ് ചാഴികാടന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. യുക്മ ദേശീയ കലാമേള വേദിയുടെ  പ്രൌഢിക്കും ഗാംഭീര്യത്തിനും ചേരുന്ന വിധത്തിലായിരിക്കും സമ്മാനദാന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് യുക്മ ദേശീയ സമിതി അറിയിച്ചു.

ഇതാദ്യമാണ് യുക്മ കലാമേളയുടെ സമ്മാനദാനം മറ്റൊരു ദിവസം സംഘടിപ്പിക്കുന്നത്. കലാമേള ദിവസം സമ്മാനദാനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഈ മാസം തന്നെ മറ്റൊരു വേദി കണ്ടെത്തി സമ്മാനദാനം പൂര്‍ത്തിയാക്കാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഇത്തരത്തിലൊരു ചsങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍പ് വെര്‍ച്വല്‍  കലാമേള നടത്തിയ അവസരങ്ങളില്‍ മാത്രമാണ് സമ്മാനദാനത്തിന് മാത്രമായി ഇതു പേലെ ചടങ്ങ് സംഘടിപ്പിച്ച് സമ്മാനദാനം നടത്തിയത്.

1991 മുതല്‍ 2021 വരെ ഇരുപത് വര്‍ഷം തുടര്‍ച്ചയായി കേരള നിയമസഭയില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച തോമസ് ചാഴികാടന്‍, 2019 മുതല്‍ കോട്ടയത്ത് നിന്നുള്ള ലോകസഭാംഗമാണ്. കേരള രാഷ്ട്രീയത്തിലെ ഈ സൌമ്യമുഖം ഒരു ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് കൂടിയാണ്. ലാളിത്യം മുഖമുദ്രയാക്കിയ തോമസ് ചാഴികാടന്‍ എം.പിക്ക് യുക്മയുടെ ആദരവ് വേദിയില്‍ വെച്ച് നല്‍കുന്നതാണ്.

കലാമേള നടന്ന ഇന്നസെന്റ് നഗറില്‍ വെച്ച് വിതരണം ചെയ്യാന്‍ സാധിക്കാതിരുന്ന ഇനങ്ങളിലെ സമ്മാനങ്ങളും, ഓരോ ഗ്രൂപ്പിലെയും വ്യക്തിഗത ചാമ്പ്യന്‍മാര്‍, ഭാഷാകേസരി, നാട്യമയൂരം, കലാപ്രതിഭ, കലാതിലകം, ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍, റണ്ണറപ് അസ്സോസ്സിയേഷന്‍, ചാമ്പ്യന്‍ റീജിയന്‍, റണ്ണറപ് റീജിയന്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളുമാണ്  അന്ന് വിതരണം ചെയ്യുക. 

178 പോയിന്റ്മായി മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ കിരീടം നിലനിര്‍ത്തിയപ്പോള്‍ 148 പോയിന്റ് നേടി യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയന്‍ രണ്ടാം സ്ഥാനവും 88 പോയിന്റോടെ സൌത്ത് വെസ്റ്റ് റീജിയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 85 പോയിന്റോടെ ബര്‍മിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 72 പോയിന്റ്മായി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനവും 71 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷനിലെ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടം കരസ്ഥമാക്കിയപ്പോള്‍ വാര്‍വ്വിക് ആന്‍ഡ് ലമിംങ്ടണ്‍ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലക പട്ടം നേടി. ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള ഇവ മരിയ കുര്യാക്കോസ് നാട്യമയൂര പട്ടത്തിന് അര്‍ഹയായപ്പോള്‍ ഭാഷാകേസരി പട്ടത്തിന് അര്‍ഹയായത് ബര്‍മിംങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലെ സൈറ മരിയ ജിജോയാണ്. 

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കിഡ്‌സ് വിഭാഗത്തില്‍ വാര്‍വ്വിക്  ആന്‍ഡ് ലമിംങ്ടണ്‍ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ്, സബ്ബ് ജൂണിയര്‍ വിഭാഗത്തില്‍ ബി.സി.എം.സിയുടെ കൃഷ്ണരാഗ് പ്രവീണ്‍ ശേഖര്‍, ജൂണിയര്‍ വിഭാഗത്തില്‍ EYCO യുടെ ഇവ മരിയ കുര്യാക്കോസ്, സീനിയര്‍ വിഭാഗത്തില്‍ LUKA യിലെ ടോണി അലോഷ്യസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കലാമേള വേദിയില്‍ വിതരണം ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഈ വേദിയില്‍ നിന്നും വീണ്ടും ഏറ്റ് വാങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അവസരം കൂടി ഒരുക്കുന്നതാണെന്ന് യുക്മ ദേശീയ സമിതി അറിയിച്ചു. ഇതിനായി ലഭിച്ച ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ തിരികെ കൊണ്ട് വരേണ്ടതാണ്.

പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിലേക്ക് വിജയികളോടൊപ്പം മുഴുവന്‍ കലാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ്, കലാമേള കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

സമ്മാനദാനം നടത്തുന്ന വേദിയുടെ വിലാസം:

Cardinal Wiseman School,

Potters Green,

Covetnry,

CV2 2AJ.

 

അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.