ടോറി പാര്‍ട്ടിയുടെ നില പരുങ്ങലില്‍ തന്നെയെന്ന് വ്യക്തമാക്കി പുതിയ സര്‍വ്വെ. നികുതി വെട്ടിക്കുറച്ച് ടോറികള്‍ക്ക് അവസരം നല്‍കാനുള്ള ഋഷി സുനാകിന്റെ ശ്രമങ്ങള്‍ക്ക് കുടിയേറ്റ പ്രതിസന്ധിയാണ് പാരയാകുന്നത്. ഈ കുഴപ്പങ്ങളുടെ ബലത്തില്‍ ലേബര്‍ പാര്‍ട്ടി 20 പോയിന്റ് ലീഡ് നേടിയതായി സര്‍വ്വെ വ്യക്തമാക്കുന്നു. അതേസമയം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയും ടോറികളെ അട്ടിമറിക്കാന്‍ ജനപ്രിയത കൈവരിക്കുന്നുണ്ട്.
ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറച്ചതും, ബെനഫിറ്റുകളും, നാഷണല്‍ മിനിമം വേജും വര്‍ദ്ധിപ്പിച്ചതും ഉള്‍പ്പെടെ പിന്തുണ നേടുമ്പോഴാണ് മറ്റ് പാര്‍ട്ടികള്‍ ലീഡ് മെച്ചപ്പെടുത്തുന്നത്. റിഫോം യുകെ 10 ശതമാനത്തില്‍ എത്തിയത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അസ്വസ്ഥമാക്കാന്‍ പോന്ന നിലവാരമാണ്. ചാനല്‍ കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് വിടാനുള്ള പദ്ധതിക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പേരിലുള്ള തര്‍ക്കം തുടരുമ്പോള്‍ ശാന്തമാക്കാനുള്ള ശ്രമത്തിലാണ് ഋഷി സുനാക്.
സമ്പദ് വ്യവസ്ഥ, ഇമിഗ്രേഷന്‍, ഹെല്‍ത്ത്‌കെയര്‍ മേഖലകളാണ് വോട്ടര്‍മാര്‍ക്ക് ഇപ്പോഴും ആശങ്കയുള്ള വിഷയങ്ങള്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍വ്വെകളിലെ വ്യത്യാസം കുറഞ്ഞ് വരാറുണ്ടെങ്കിലും ഇക്കുറി ലേബര്‍ മുന്നേറ്റം നിലനിര്‍ത്തുന്നത് ടോറികള്‍ക്കുള്ള അപകടസൂചനയായി മാറുകയാണ്. ഇതിനിടെ ടോറി പാര്‍ട്ടിയില്‍ തന്നെ ഇമിഗ്രേഷന്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയാണ്.
പിന്നില്‍ നിന്നും കുത്തുന്നത് പതിവാക്കിയ ഹൗസിംഗ്, കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ഇമിഗ്രേഷന്‍ സംബന്ധിച്ച് ആശങ്ക പുറപ്പെടുവിച്ചത്. നിലവില്‍ യുകെ നേരിടുന്ന റെക്കോര്‍ഡ് കുടിയേറ്റം ഹൗസിംഗ് മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഗോവ് സമ്മതിച്ചിരിക്കുന്നു. ആവശ്യത്തിന് വീടുകള്‍ തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. ബ്രിട്ടനില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം തലമുറകളായി മെല്ലെപ്പോക്കിലാണെന്നും ഹൗസിംഗ് സെക്രട്ടറി പറയുന്നു. ഇമിഗ്രേഷന്‍ കുറയ്ക്കുകയും, കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കുകയും വേണമെന്നാണ് ഗോവിന്റെ ആവശ്യം.