ബ്രിട്ടനില്‍ ആരുടെയും കണ്ണില്‍ പെടാതെ പന്നിപ്പനി പടരുന്നതായി ആശങ്ക. സ്‌ട്രെയിന്‍ പ്രതിസന്ധിയായി വളരുന്നതിന് മുന്‍പ് നിയന്ത്രിച്ച് നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതിന് മുന്‍പൊരിക്കലും കാണാത്ത സ്‌ട്രെയിന്‍ ബാധിച്ച രോഗിയെ നോര്‍ത്ത് യോര്‍ക്ക്ഷയറിലാണ് കണ്ടെത്തിയത്. ഇവിടുത്തെ ജിപി നടത്തിയ പരിശോധനയിലാണ് പന്നിപ്പനി ബാധയാണെന്ന് തിരിച്ചറിയുന്നത്.
ജലദോഷപ്പനി പോലുള്ള ലക്ഷണങ്ങള്‍ ബാധിച്ച രോഗി വീട്ടില്‍ സുഖംപ്രാപിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വ്യക്തിക്ക് വൈറസ് പിടിപെട്ടത് എങ്ങിനെയെന്ന് കണ്ടെത്താന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിക്ക് സാധിച്ചിട്ടില്ല. അന്വേഷണങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രോഗം പിടിപെട്ട വ്യക്തി പന്നികള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ലെന്നാണ് സൂചന.
പകരാനുള്ള എല്ലാ വിധ സാധ്യതകളും പരിശോധിക്കുന്നതായി യുകെഎച്ച്എസ്എ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഇസബെല്‍ ഒലിവര്‍ പറഞ്ഞു. എച്ച്1എന്‍2 സ്‌ട്രെയിന്‍ ബാധിച്ച രോഗികളെ മുന്‍പ് യുഎസിലെ കണ്‍ട്രി ഫെയറുകളില്‍ നിന്നാണ് കണ്ടിട്ടുള്ളത്. 'ആളുകള്‍ തമ്മില്‍ ചെറിയ തോതില്‍ വ്യാപനത്തിന് സാധ്യതയുണ്ട്. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി ഈ കൈമാറ്റത്തിന്റെ കാരണം തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്', അവര്‍ വ്യക്തമാക്കി.
വൈറസ് ചെറിയ തോതില്‍ പടര്‍ന്നിട്ടുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സേജ് അംഗവും, കൊവിഡ് മഹാമാരിയില്‍ നം.10 ഉപദേശകനുമായിരുന്ന പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രൊഫ. ജോണ്‍ എഡ്മണ്ട്‌സ് പറഞ്ഞു. ജലദോഷവും, ചുമയും ബാധിച്ച് എത്തുന്ന ചെറിയൊരു ശതമാനം രോഗികളെ മാത്രമാണ് ജിപിമാര്‍ ടെസ്റ്റിന് വിധേയമാക്കുന്നത്.
ശ്വാസസംബന്ധമായ രോഗലക്ഷണങ്ങള്‍, ഉദാഹരണത്തിന് ജലദോഷം, ചുമ, തൊണ്ടവേദന പോലുള്ളവ ബാധിച്ചവര്‍ മറ്റ് ആളുകളുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ ആരോഗ്യ മേധാവികള്‍ ഉപദേശിക്കുന്നു. കൊവിഡിന് സമാനമായ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.