ബ്രിട്ടീഷ് രാജകുടുംബത്തിന് നീരസം സമ്മാനിച്ച് പഴയ സംഭവങ്ങള്‍ കുത്തിപ്പൊക്കി പുറത്തിട്ട് മാധ്യമങ്ങള്‍. ഒമിഡ് സ്‌കോബിയെന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ 'ദി എന്‍ഡ് ഗെയിം' എന്ന പുസ്തകമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. യുകെയില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ ഖണ്ഡിക നെതര്‍ലാന്‍ഡ്‌സില്‍ ഇറക്കിയ പുസ്തകത്തില്‍ ഇടംപിടിച്ചിരുന്നു. ഹാരിയുടെയും, മെഗാന്റെയും മകനായ ആര്‍ച്ചിയെ പ്രസവിക്കുന്നതിന് മുന്‍പ് കുഞ്ഞിന്റെ തൊലിയുടെ നിറത്തെ കുറിച്ച് ആശങ്ക അറിയിച്ച രാജകുടുംബാംഗങ്ങളുടെ പേരുവിവരങ്ങളാണ് ഈ ഖണ്ഡികയില്‍ ഉള്‍പ്പെട്ടിരുന്നത്.
സംഭവം വിവാദമായതോടെ ഇത് അബദ്ധത്തില്‍ പെട്ടതാണെന്ന് വിശദീകരിച്ച് നെതര്‍ലാന്‍ഡ്‌സില്‍ പുസ്തകം പിന്‍വലിക്കാന്‍ ഒമിഡ് സ്‌കോബി തയ്യാറായി. എന്നാല്‍ അവസരം മുതലാക്കിയ ടിവി അവതാരകന്‍ പിയേഴ്‌സ് മോര്‍ഗനാണ് ഇപ്പോള്‍ വംശവെറി പ്രകടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന രാജകുടുംബാംഗങ്ങളുടെ പേരുകള്‍ ടിവിയില്‍ പ്രഖ്യാപിച്ചത്. പേരുകള്‍ പുറത്തുവിട്ട നടപടി രാജകുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
2021-ല്‍ ഒപ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെഗാന്‍ മാര്‍ക്കിളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആര്‍ച്ചിയുടെ തൊലിയുടെ നിറവുമായി ബന്ധപ്പെട്ട് രാജകുടുംബത്തില്‍ പല സംസാരങ്ങളും ഉണ്ടായിരുന്നതായി മെഗാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സസെക്‌സ് ഡച്ചസ് ഈ പേരുകള്‍ പങ്കുവെച്ചിരുന്നില്ല. ഈ പേരുകളാണ് ടോക്ക് ടിവി ഷോയില്‍ പിയേഴ്‌സ് മോര്‍ഗന്‍ പുറത്തുവിട്ടത്. തന്റെ 8.7 മില്ല്യണ്‍ സോഷ്യല്‍ മീഡിയ ഫോളേഴ്‌സിന് അവതാരകന്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തു.
നെതര്‍ലാന്‍ഡ്‌സില്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ പേരുകള്‍ ഉള്‍പ്പെട്ടതായി വ്യക്തമായതോടെ ഇത് പിന്‍വലിക്കാന്‍ പ്രസാധകര്‍ നിര്‍ബന്ധിതമായി. കൂടാതെ മൊഴിമാറ്റം നടത്തിയ പുസ്തകം പള്‍പ്പാക്കി മാറ്റി. എന്നാല്‍ മോര്‍ഗന്‍ തന്റെ ഷോയില്‍ ഇത് പ്രഖ്യാപിക്കുന്നത് വരെ ആരാണ് 'പ്രതികളെന്ന്' വ്യക്തമായിരുന്നില്ല. സംഭവത്തില്‍ രാജകുടുംബം നിയമനടപടി ഉള്‍പ്പെടെ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പേരുകള്‍ വൈറലായത് ബക്കിംഗ്ഹാം കൊട്ടാരത്തെ നിരാശയിലാക്കിയിട്ടുണ്ട്.