നിലവിലെ തോതിലുള്ള നെറ്റ് മൈഗ്രേഷനുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടന് ആവശ്യമായ വീടുകള്‍ നിര്‍മ്മിക്കുന്നത് അസാധ്യമായി മാറുമെന്ന് മൈക്കിള്‍ ഗോവിന്റെ മുന്നറിയിപ്പ്. ഈ പാര്‍ലമെന്റ് അവസാനിക്കുമ്പോള്‍ 300,000 വീടുകള്‍ വാര്‍ഷിക നിരക്കില്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുമെന്ന് ഹൗസിംഗ് സെക്രട്ടറി സമ്മതിക്കുന്നു.
ഈ ലക്ഷ്യം നേടിയാല്‍ പോലും, നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനും, ഹൗസിംഗിന് മേല്‍ നേരിടുന്ന സമ്മര്‍ദം കുറയ്ക്കാനും മന്ത്രിമാര്‍ പണിയെടുക്കേണ്ടി വരുമെന്ന് ഗോവ് പറയുന്നു. 2019 പ്രകടനപത്രികയിലാണ് 3 ലക്ഷം ഓരോ വര്‍ഷവും നിര്‍മ്മിക്കുമെന്ന് ടോറികള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ 2019/20 വര്‍ഷത്തില്‍ 248,591 ഭവനങ്ങള്‍ നിര്‍മ്മിച്ചതാണ് ഏറ്റവും മികച്ച പ്രകടനം.
2036-ഓടെ യുകെ ജനസംഖ്യ ഏകദേശം 74 മില്ല്യണിലേക്ക് ഉയരുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പ്രവചനം. ഇതില്‍ 6.1 മില്ല്യണ്‍ നെറ്റ് മൈഗ്രേഷനാകും. അധികമായി വേണ്ടിവരുന്ന ഡിമാന്‍ഡിനൊപ്പം 3 ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിച്ചാലും മതിയാകില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നതെന്ന് ഗോവ് വ്യക്തമാക്കി.
വീടുകളുടെ എണ്ണം വര്‍ദ്ധിക്കേണ്ടതുണ്ടെങ്കിലും, അത് പോലെ തന്നെ നെറ്റ് മൈഗ്രേഷനും താഴണം, ഗോവ് ആവശ്യപ്പെട്ടു. അടുത്ത 15 വര്‍ഷത്തില്‍ പ്രവചിക്കപ്പെട്ട തോതിലുള്ള ജനസംഖ്യക്ക് താമസിക്കാന്‍ ഇംഗ്ലണ്ടില്‍ ചുരുങ്ങിയത് 5.7 മില്ല്യണ്‍ കൂടുതല്‍ വീടുകള്‍ വേണ്ടിവരുമെന്നാണ് സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് പഠനം.
നിയമപരമായ കുടിയേറ്റം കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് ടോറി പാര്‍ട്ടിയിലെ വലത് പക്ഷം സമ്മര്‍ദം ചെലുത്തുന്നത്. വര്‍ഷത്തില്‍ 300,000 പുതിയ വീടുകള്‍ സാധ്യമാകുമെന്നായിരുന്നു ഗോവ് നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് നടപ്പിലാകാന്‍ അടുത്ത പാര്‍ലമെന്റിന്റെ അവസാനം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ മന്ത്രിയുടെ നിലപാട്.